തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാനെതിരെ മൊഴി നൽകി ഉമ്മ ഷെമീന. അഫാൻ ആദ്യം കഴുത്ത് ഞെരിച്ചശേഷം ചുമരിൽ തലയിടിപ്പിച്ചു. ബോധം കെട്ട് താൻ താഴെ വീണെന്നും ബോധം വന്നപ്പോഴാണ് ചുറ്റിക കൊണ്ട് തലക്കടിച്ചതെന്നും ഷെമീന കിളിമാനൂർ എസ്എച്ച്ഒക്ക് മൊഴി നൽകി.
ഭർത്താവ് അറിയാതെ 35 ലക്ഷത്തിന്റെ കടം ഉണ്ടായിരുന്നു. സംഭവം നടന്ന ദിവസം 50,000 രൂപ കടം വാങ്ങിയവർക്ക് തിരികെ നൽകണമായിരുന്നു. പണത്തിനായി തട്ടത്തുമലയിലെ ബന്ധുവീട്ടിൽ പോയി ചോദിച്ചപ്പോൾ മകനെ അധിക്ഷേപിച്ചെന്നും ഇത് മകന് സഹിക്കാൻ കഴിഞ്ഞില്ലെന്നുമാണ് ഷെമീന മൊഴി നൽകിയത്. മക്കളുമൊത്ത് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നതായും ഷെമീന മൊഴി നൽകിയിട്ടുണ്ട്.
അതേസമയം, പ്രതി അഫാനെ ജയിലിലേക്ക് മാറ്റി. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് അഫാനെ ജയിലിലേക്ക് മാറ്റിയത്. ഇന്നലെ അഫാനുമായുള്ള മൂന്നാംഘട്ട തെളിവെടുപ്പ് പൂർത്തിയായിരുന്നു. സഹോദരൻ അഹ്സാന്റെയും പെൺ സുഹൃത്ത് ഫർസാനയുടെയും കൊലക്കേസുകളിൽ ആണ് തെളിവെടുപ്പ് നടത്തിയത്. പെരുമലയിലെ വീട് അടക്കം ഏഴിടങ്ങളിൽ പൊലീസ് സംഘം അഫാനുമായി തെളിവെടുപ്പ് നടത്തി.
അമ്മ ഉൾപ്പെടെ ആറു പേരെയാണ് അഫാൻ കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇതിൽ അഞ്ചു പേർ മരിച്ചു. അഫാന്റെ മുത്തശ്ശി സൽമാ ബീവി (88), സഹോദരൻ അഫ്സാൻ (13), പെണ്‍സുഹൃത്ത് ഫര്‍സാന (19), അഫാന്റെ പിതാവിന്‍റെ സഹോദരന്‍ ലത്തീഫ്, ലത്തീഫിന്‍റെ ഭാര്യ ഷാഹിദ എന്നിവരാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ അഫാന്റെ മാതാവ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അഫാനെതിരായ മൂന്നു കേസുകളിലും തെളിവെടുപ്പ് പൂർത്തിയായതോടെ എത്രയും വേഗം കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസ് ശ്രമം.