മ്യാൻമർ ഭൂകമ്പ ദുരന്തം; മരണം 2000 കടന്നു, ആശുപത്രികൾ പരിക്കേറ്റവരെകൊണ്ട് നിറഞ്ഞു

0

ബാങ്കോക്ക്:ലോകത്തിൻ്റെ കണ്ണീരായി മാറിയ മ്യാൻമർ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 2000 കടന്നുവെന്ന് റിപ്പോർട്ട്. സൈനിക വൃത്തങ്ങളാണ് ഈ വിവരം പുറത്തുവിട്ടത്. മരിച്ചവരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ സൈനിക നേതൃത്വം ഒരാഴ്ചത്തെ ദുഃഖാചരണം മ്യാൻമറിൽ പ്രഖ്യാപിച്ചു.

അയൽരാജ്യമായ തായ്‌ലൻ്റിൽ 19പേർ മരിച്ചുവെന്നാണ് റിപ്പോർട്ട്. മ്യാൻമറിൽ രക്ഷാപ്രവർത്തനം പു​രോ​ഗമിക്കുകയാണ്. ചൂട് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. മാത്രവുമല്ല ചൂട് കൂടുന്നത് മൃതദേഹങ്ങൾ അഴുകുന്നത് ത്വരിതപ്പെടുത്തുമെന്നും ഇത് തിരിച്ചറിയൽ ബുദ്ധിമുട്ടാക്കുമെന്നാണ് വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തു.

ഭൂകമ്പത്തിൽ നാശം സംഭവിച്ച കെട്ടിടങ്ങളിൽ നിന്ന് ആയിരത്തോളം ആളുകളെയാണ് മാറ്റിപ്പാർപ്പിക്കുന്നത്. തകർന്നുവീണ ബഹുനില കെട്ടിടത്തിൻ്റെ അവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്ന 75ഓളം നിർമാണ തൊഴിലാളികളെ രക്ഷിക്കാനുളള ശ്രമങ്ങൾ തുടരുകയാണ്. എന്നാൽ മണിക്കൂറുകളായി തുടരുന്ന രക്ഷപ്രവർത്തനത്തിന് പ്രതീക്ഷയ്ക്ക് വക വയ്ക്കുന്ന ഒന്നും ലഭിച്ചിട്ടില്ലെന്ന് ഡെപ്യൂട്ടി ഗവർണർ പറഞ്ഞു.

മ്യാൻമറിലുണ്ടായ ഭൂകമ്പം മുന്നൂറിലേറെ അണു ബോംബുകൾ ഒരുമിച്ച് ഉപയോഗിച്ചതിന് തുല്യമായ ഊർജമാണ് പുറത്തുവിട്ടതെന്ന് പ്രമുഖ അമേരിക്കൻ ജിയോളജിസ്റ്റ് പ്രതികരിച്ചു. മ്യാൻമറിൽ ഉണ്ടായ ഭൂകമ്പത്തിന്റെ തുടർചലനങ്ങൾ മാസങ്ങളോളം നിലനിൽക്കും. ഇന്ത്യൻ ടെക്റ്റോണിക് പ്ലേറ്റ് മ്യാൻമറിന് താഴെയുള്ള യുറേഷ്യൻ പ്ലേറ്റുമായി ഇടിച്ചുകൊണ്ടിരിക്കുന്നതിനാൽ ആണ് ഇത് സംഭവിക്കുന്നതെന്നും ജിയോളജിസ്റ്റ് ജെസ് ഫീനിക്സ് പറയുന്നു.

മാർച്ച് 28ന് ഉച്ചയോടെയാണ് മ്യാൻമറിനെ പിടിച്ചു കുലുക്കിയ ഭൂകമ്പം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 7.7 തീവ്രതയാണ് രേഖപ്പെടുത്തിയത്. സാഗൈംഗ് നഗരത്തിന് 16 കിലോമീറ്റർ വടക്കുപടിഞ്ഞാറായും 10 കിലോമീറ്റർ താഴ്ചയിലുമാണ് പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചിരുന്നു. ഭൂകമ്പത്തെ തുടർന്ന് മ്യാൻമാറിൽ അടിയന്തരവാസ്ഥ പ്രഖ്യാപിച്ചിരുന്നു.

You might also like