ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

0

തിരുവനന്തപുരം| തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി സുകാന്ത് സുരേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കൊച്ചിയില്‍ ഐ ബി ഉദ്യോഗസ്ഥനാണ് മലപ്പുറം സ്വദേശി സുകാന്ത് സുരേഷ്. ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ ആരോപണ വിധേയനായ സഹപ്രവര്‍ത്തകന്‍ സുകാന്ത് സുരേഷിനെ ഇന്നലെ കേസില്‍ പ്രതി ചേര്‍ത്തിരുന്നു. ആത്മഹത്യ പ്രേരണകുറ്റം ചുമത്താനാണ് നീക്കം. നിലവില്‍ ഇയാള്‍ ഒളിവിലാണ്.

സുകാന്ത് സുരേഷിനെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സുകാന്ത് ഇന്ന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ജോലി കഴിഞ്ഞ് പുറത്തിറങ്ങിയ ഉദ്യോഗസ്ഥ പേട്ടയില്‍ ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവം നടന്നിട്ട് ഒന്നര ആഴ്ച പിന്നിട്ടു. സഹപ്രവര്‍ത്തകനായ സുകാന്തുമായുള്ള ബന്ധത്തിലുണ്ടായ തകര്‍ച്ചയാണ് മകളെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നത്. ഉദ്യോഗസ്ഥ മരിച്ചതിനുശേഷം ഫോണ്‍ സ്വിച്ച് ഫോണ്‍ ചെയ്ത് സുകാന്തും കുടുംബവും ഒളിവില്‍ പോയെന്നാണ് പോലീസ് പറയുന്നത്.

You might also like