വിഷു, ഈസ്റ്റർ ആഘോഷങ്ങളോട് അനുബന്ധിച്ച് കൊല്ലത്തേക്ക് മാത്രം സ്പെഷൽ ട്രെയിൻ

0

ചെന്നൈ ∙ വിഷു, ഈസ്റ്റർ ആഘോഷങ്ങളോട് അനുബന്ധിച്ച് സ്പെഷൽ ട്രെയിൻ ആവശ്യം പാതി കേട്ട് ദക്ഷിണ റെയിൽവേ. നിരന്തര ആവശ്യത്തെ തുടർന്ന് സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചെങ്കിലും കേരളത്തിലേക്കുള്ളത് കൊല്ലം ട്രെയിൻ മാത്രമാണ്. കന്യാകുമാരി, പോത്തന്നൂർ എന്നിവിടങ്ങളിലേക്കാണു മറ്റു ട്രെയിനുകൾ. മലയാള മനോരമ വാർത്തയെ തുടർന്നാണ് റെയിൽവേ നടപടി.

തെക്കൻ കേരളത്തിലേക്കും പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിലേക്കുമുള്ള യാത്രക്കാർക്ക് വലിയ ആശ്വാസമാണ് കൊല്ലം സ്പെഷൽ ട്രെയിൻ. തിരുവനന്തപുരം ജില്ലയിലുള്ളവർക്കും ഈ ട്രെയിനിനെ ആശ്രയിക്കാം. ചെന്നൈ സെൻട്രൽ–കൊല്ലം ട്രെയിൻ (06113) 12, 19 തീയതികളിൽ രാത്രി 11.20നു സെൻട്രലിൽ‌ നിന്നു പുറപ്പെട്ട് പിറ്റേന്നു വൈകിട്ട് 3.30നു കൊല്ലത്തെത്തും. മടക്ക സർവീസ് (06114) 13, 20 തീയതികളിൽ വൈകിട്ട് 7.10നു കൊല്ലത്ത് നിന്നു പുറപ്പെട്ട് പിറ്റേന്നു രാവിലെ 11.10നു ചെന്നൈയിലെത്തും.

ചെന്നൈയ്ക്കു സമീപം പെരമ്പൂരിലും കേരളത്തിൽ പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം നോർത്ത്, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവിടങ്ങളിലും സ്റ്റോപ്പുണ്ട്. 12 സ്ലീപ്പർ‌ ക്ലാസ്, 6 ജനറൽ, 2 ദിവ്യാംഗൻ എന്നിവയാണു കോച്ചുകൾ. ബുക്കിങ് ഇന്ന് രാവിലെ 8ന് ആരംഭിക്കും.

You might also like