
ഇഡ്ഡലി പൂപോലെ സോഫ്റ്റായി കിട്ടാൻ ഇങ്ങനെ പരീക്ഷിച്ചു നോക്കൂ
ഇഡ്ഡലിയും ദോശയും തയ്യാറാക്കാൻ മാവ് അരച്ചെടുക്കുക എന്നത് അൽപം വെല്ലുവിളി നിറഞ്ഞ കാര്യമാണ്. മാവ് ശരിയായി അരച്ചെടുത്തില്ലെങ്കിൽ കല്ലുപോലുള്ള ഇഡ്ഡലി കഴിക്കേണ്ടി വരും. ഇതിനു പകരം പലരും കടകളിൽ ലഭ്യമായ പാക്കറ്റ് മാവുകളെ ആശ്രയിക്കാറുണ്ട്. മലയാളികളുടെ അടുക്കളയിലെ സ്ഥിരം ബ്രേക്ക്ഫാസ്റ്റാണ് ഇഡ്ഡലിയും ദോശയും. ആരോഗ്യത്തിന് ഗുണകരമായ ഇവ തയ്യാറാക്കാൻ അധിക സമയവും വേണ്ടി വരുന്നില്ല. എന്നാൽ ഇതിനായി മാവ് തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
തിരക്കുപിടിച്ച ദിവസങ്ങളിൽ അടുക്കള ജോലി എളുപ്പത്തിലാക്കുന്നതിന് ഒരാഴ്ചത്തേക്കുള്ള മാവ് മുൻകൂട്ടി അരച്ച് സൂക്ഷിക്കാറാണ് പലരും ചെയ്യാറുള്ളത്. ഇങ്ങനെ ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. പ്രത്യേകിച്ച് വേനൽക്കാലത്ത് മാവ പെട്ടെന്ന് പുളിച്ചു പോകാൻ സാധ്യതയുണ്ട്. ഇവ ഒഴിവാക്കാൻ ചില നുറുങ്ങു വിദ്യകൾ പരിചയപ്പെടാം.
ഇഡ്ഡലി മാവ് തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അരിയും ഉഴുന്നു തലേദിവസം തന്നെ വെള്ളത്തിൽ കുതിർക്കാൻ വയ്ക്കാം. കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും ഇവ വെള്ളത്തിൽ കുതിർക്കാൻ വയ്ക്കണം.
- അരിയും ഉഴുന്നും അരയ്ക്കുന്നതിനൊപ്പം ഒരു കപ്പ് വേവിച്ച ചോറ് കൂടി ചേർക്കാം. ഇത് മാവ് മൃദുവായി അരഞ്ഞുകിട്ടാൻ സഹായിക്കും.
- തയ്യാറാക്കിയ മാവ് ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കാം. രാവിലത്തേയ്ക്കു വേണ്ടത്ര മാവ് മാത്രം പുറത്തു വച്ച് ബാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം.
- ഫ്രിഡ്ജിൽ മാവ് സൂക്ഷിക്കുമ്പോൾ ഉപ്പ് ചേർക്കേണ്ടതില്ല. ഉപയോഗിക്കുന്നതിനു മുമ്പ് ഉപ്പ് ചേർത്തിളക്കി യോജിപ്പിച്ചാൽ മതിയാകും.
- ഇഡ്ഡലി തട്ടിൽ അൽപം എണ്ണ തടവിയതിനു ശേഷം മാവ് ഒഴിക്കാം. ഇത് പാത്രത്തിൽ ഇഡ്ഡലി ഒട്ടിപിടിക്കുന്നത് ഒഴിവാക്കും.