ശ്രീലങ്കയിലെ ക്രിസ്ത്യന്‍ ചര്‍ച്ചുകളിലുണ്ടായ ഭീകരാക്രമണം: മുന്‍ മന്ത്രിക്കും സഹോദരനും തടവ്

0

കൊളംബോ: 2019 ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ ക്രിസ്ത്യന്‍ ചര്‍ച്ചുകളിലുണ്ടായ ഭാകരാക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശ്രീലങ്കന്‍ മുന്‍ മന്ത്രി റിഷാദ് ബതിയുദീനെയും സഹോദരന്‍ റിയാജ് ബതിയുദിനെയും 90 ദിവസത്തേക്ക് തടവിലിടും.

ശ്രീലങ്കയുടെ മുന്‍ വ്യവസായ വാണിജ്യ വകുപ്പു മന്ത്രിയായിരുന്നു റിഷാദ്. രാജ്യത്തെ പ്രധാന പ്രതിപക്ഷത്തിന്റെ സഖ്യകക്ഷി നേതാവുമാണ് ഇദ്ദേഹം.

ഏപ്രില്‍ 24-നാണ് ഇരുവരെയും അറസ്റ്റു ചെയ്തത്. ഇവരുടെ ബാങ്ക് അക്കൌണ്ടുകള്‍ ‍, ആശയ വിനിമയങ്ങള്‍ തുടങ്ങിയവ വിശദമായി പരിശോധിച്ചതിനു പിന്നാലെയാണ് റഷീദിനെയും സഹോദരനെയും അറസ്റ്റു ചെയ്തതെന്ന് ശ്രീലങ്കന്‍ പോലീസ് വക്താവ് അജിത് രൊഹാന പറഞ്ഞു.

2019 ഏപ്രില്‍ 21 ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ഭീകരാക്രമണത്തില്‍ 274 പേര്‍ കൊല്ലപ്പെട്ടിരുന്നു. മരിച്ചവരില്‍ 11 ഇന്ത്യാക്കാരുമുണ്ടായിരുന്നു. കൊളംബോയിലെ നെഗംബോ, നെറ്റിക്കളോവ എന്നീ പള്ളികളിലും ഒരു ആഡംബര ഹോട്ടലിലുമാണ് ആക്രമണം നടന്നത്.

ഇവിടങ്ങളില്‍ ചാവേര്‍ ആക്രമണം നടത്തിയവരുമായി അടുത്ത ബന്ധം പുലര്‍ത്തിയവരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം നടത്തിയതെന്നും അക്രമികളില്‍ ചിലര്‍ക്ക് റഷീദിനും സഹോദരനുമായി അടുത്ത ബന്ധം ഉണ്ടായിരുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നായരുന്നു നടപടി.

You might also like