ഇന്ത്യ-കാനഡ ബന്ധം വളരെ പ്രധാനമെന്ന് മോഡി; മാര്‍ക്ക് കാര്‍ണിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

0

ഒട്ടാവ: കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി. കാനഡയിലെ കനനാസ്‌കിസില്‍ നടക്കുന്ന ജി-7 ഉച്ചകോടിക്കിടെ ആയിരുന്നു ഇരുനേതാക്കളുടേയും കൂടിക്കാഴ്ച. ഇരുവരും തമ്മിലുള്ള ചര്‍ച്ചയില്‍ ഉഭയകക്ഷി ബന്ധം പുനസ്ഥാപിക്കാനും കൂടുതല്‍ ദൃഢമാക്കാനുമുള്ള തീരുമാനമെടുത്തു.

ഇന്ത്യ-കാനഡ ബന്ധം വളരെ പ്രധാനമാണ്. ഇന്ത്യയും കാനഡയും ജനാധിപത്യത്തിലും സ്വാതന്ത്ര്യത്തിലും നിയമവാഴ്ചയിലും ശക്തമായ വിശ്വാസത്താല്‍ ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യ-കാനഡ സൗഹൃദത്തിന് ആക്കം കൂട്ടുന്നതിനായി അടുത്ത് പ്രവര്‍ത്തിക്കാന്‍ പ്രധാനമന്ത്രി കാര്‍ണിയും താനും ആഗ്രഹിക്കുന്നു. വ്യാപാരം, ഊര്‍ജ്ജം, ബഹിരാകാശം, ശുദ്ധമായ ഊര്‍ജ്ജം, നിര്‍ണായക ധാതുക്കള്‍, വളങ്ങള്‍ തുടങ്ങിയ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കുമെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ആതിഥേയത്വം വഹിക്കാന്‍ കഴിഞ്ഞത് വലിയ ബഹുമതിയാണെന്ന് മോഡിയെ ജി-7 ഉച്ചകോടിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി പറഞ്ഞു. ഇരു രാജ്യങ്ങള്‍ക്കും ഒരുമിച്ച് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനാകുമെന്ന പ്രതീക്ഷയും അദേഹം പ്രകടിപ്പിച്ചു.

അന്താരാഷ്ട്ര സമൂഹം നേരിടുന്ന വിശാലമായ ആഗോള വെല്ലുവിളികളെക്കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച ചെയ്യുകയും സാങ്കേതികവിദ്യ, സുരക്ഷ, ജനാധിപത്യ മൂല്യങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന മേഖലകളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു

You might also like