ഇസ്രയേലിനെ മയപ്പെടുത്തണമെന്ന അഭ്യര്‍ത്ഥനയുമായി ഇറാന്‍; മൂന്ന് യൂറോപ്യന്‍ രാജ്യങ്ങളുടെ ഇടപെടല്‍: ജനീവയില്‍ നിര്‍ണയക യോഗം

0

ടെഹ്റാന്‍: പരസ്യമായ വെല്ലുവിളിയും ആക്രമണവും തുടരുമ്പോഴും ഇസ്രയേലിനെ മയപ്പെടുത്തണമെന്ന അഭ്യര്‍ത്ഥനയുമായി ഇറാന്‍. പ്രധാന യൂറോപ്യന്‍ ശക്തികളായ ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങളോടാണ് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഈ അഭ്യര്‍ത്ഥന നടത്തിയത്.

ഇസ്രായേലിന്റെ ആക്രമണങ്ങള്‍ നിയന്ത്രിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനുമേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ യൂറോപ്യന്‍ നേതാക്കള്‍ക്ക് കഴിയുമെന്ന പ്രതീക്ഷയിലാണ് ഇറാനെന്ന് അധികൃതരെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രയേല്‍ ആക്രമണം ആരംഭിച്ച ഉടന്‍ ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി പലവട്ടം ഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇസ്രയേല്‍ ആക്രമണം നിര്‍ത്താതെ ഇറാന്‍ ചര്‍ച്ചയ്ക്കില്ലെന്ന നിലപാടാണ് അന്ന് അരാഗ്ചി സ്വീകരിച്ചത്.

എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇസ്രയേല്‍ ഇറാന്റെ ആണവ നിലയങ്ങളിലടക്കം കനത്ത പ്രഹരമേല്‍പ്പിച്ചതോടെയാണ് നിലപാട് മാറ്റമെന്ന് വിലയിരുത്തപ്പെടുന്നു. ഇറാന്റെ അഭ്യര്‍ത്ഥന പ്രകാരം ഇന്ന്   ജനീവയില്‍ നിര്‍ണായക യോഗം ചേരും.

ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് യോഗം വിളിച്ചത്. മൂന്ന് രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും യോഗത്തില്‍ പങ്കെടുക്കും. യൂറോപ്യന്‍ യൂണിയന്റെ ഉന്നത നയതന്ത്രജ്ഞരും യോഗത്തില്‍ സംബന്ധിക്കും

You might also like