രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ധിച്ചു; ലോകത്ത് അതി ദാരിദ്ര്യം പിടിമുറുക്കുന്നു: പട്ടിണിയിലായത് 100 കോടിയിലധികം ജനങ്ങള്‍

0

വാഷിങ്ടണ്‍: ലോകത്തെ 39 രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ലോകത്ത് അതി ദാരിദ്ര്യവും കൂടുന്നതായി റിപ്പോര്‍ട്ട്. ആഗോള തലത്തില്‍ ഒരു നൂറ് കോടിയില്‍ അധികം ജനങ്ങള്‍ അതിദാരിദ്ര്യത്തിന്റെ വക്കിലാണെന്നാണ് ലോക ബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ആഭ്യന്തര യുദ്ധങ്ങള്‍, രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം എന്നിവ രാജ്യങ്ങളുടെ സാമ്പത്തിക അടിത്തറ തകര്‍ക്കുന്നു എന്നാണ് ലോക ബാങ്ക് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ഇത്തരം സാഹചര്യങ്ങള്‍ മൂലം നൂറ് കോടിയില്‍ അധികം പേരുടെ വരുമാനത്തെ സാരമായി ബാധിച്ചു. ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് ഇത് ഏറ്റവും രൂക്ഷമായി നിലനില്‍ക്കുന്നത്.

റഷ്യ-ഉക്രെയ്ന്‍ യുദ്ധം, ഇസ്രയേല്‍-ഹമാസ് പോരാട്ടം എന്നിവ ഉള്‍പ്പെടെ റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു. 39 വികസ്വര രാജ്യങ്ങള്‍ ഭരണപരമായ അസ്ഥിരതയും ദുര്‍ബലമായ സമ്പദ് വ്യവസ്ഥയും മൂലം വലയുകയാണ്. ഇത്തരം മേഖലകളില്‍ വികസന മുന്നേറ്റത്തിനാവശ്യമായ ശക്തവും സുസ്ഥിരവുമായ സാമ്പത്തിക വളര്‍ച്ച കൈവരിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുന്ന സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നതിനും ഭരണ സംവിധാനങ്ങള്‍ പുനര്‍നിര്‍മിക്കുന്നതിനും യുദ്ധത്തില്‍ തകര്‍ന്ന രാജ്യങ്ങളുടെ വളര്‍ച്ചയ്ക്ക് സഹായം നല്‍കുന്ന വിധത്തില്‍ ഇടപെടല്‍ ആവശ്യമാണെന്നും ലോക ബാങ്ക് വികസിത രാജ്യങ്ങളോട് ആവശ്യപ്പെടുകയും ചെയ്യുന്നു.

പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ 2020 മുതല്‍ ദേശീയ വരുമാനത്തിന്റെ തോത് പ്രതിവര്‍ഷം ശരാശരി 1.8 ശതമാനം ഇടിവ് രേഖപ്പെടുത്തി. അതേസമയം മറ്റ് വികസ്വര സമ്പദ് വ്യവസ്ഥകളില്‍ ദേശീയ വരുമാനത്തിന്റെ തോത് 2.9 ശതമാനം വര്‍ധിച്ചതായും റിപ്പോര്‍ട്ട് പറയുന്നു.

സംഘര്‍ഷങ്ങള്‍, അസ്ഥിരതകള്‍ എന്നിവ നേരിടുന്ന രാജ്യങ്ങളിലെ 421 ദശലക്ഷം ആളുകള്‍ക്ക് പ്രതിദിനം മൂന്ന് ഡോളറില്‍ താഴെ മാത്രമാണ് വരുമാനം. 2030 ആകുമ്പോഴേക്കും ഈ കണക്ക് 435 ദശലക്ഷമായി ഉയരും. അതായത് ലോകത്ത് അതിദരിദ്രരുടെ എണ്ണം അറുപത് ശതമാനം ഉയരും

You might also like