
2025 ജൂലൈ മാസത്തിൽ ടെക് മേഖലയിൽ വമ്പൻ പിരിച്ചുവിടലുകൾ
2025 ജൂലൈ മാസത്തിൽ ടെക് മേഖലയിൽ വമ്പൻ പിരിച്ചുവിടലുകൾ. മൈക്രോസോഫ്റ്റ് മുതൽ ഇന്‍റൽ വരെയുള്ള നിരവധി ടെക് ഭീമന്മാർ ഇക്കാലയളവിൽ വ്യാപക പിരിച്ചുവിടലുകൾ പ്രഖ്യാപിച്ചു. സമീപ വർഷങ്ങളിൽ ഏറ്റവും കൂടുതൽ പിരിച്ചുവിടലുകൾ നടന്നത് ഇക്കഴിഞ്ഞ മാസമാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഈ വർഷം ഇതുവരെ ഏറ്റവും കൂടുതൽ ജോലിക്കാരെ പിരിച്ചുവിട്ടത് ജൂലൈയിൽ ആണെന്നും 26 കമ്പനികൾ 24,500 ജീവനക്കാരെ ഒഴിവാക്കിയതായും റിപ്പോർട്ടുകൾ പറയുന്നു. ആഗോളതലത്തിൽ നാല് ശതമാനം ജീവനക്കാരെ പിരിച്ചുവിടുകയാണെന്ന് ജൂലൈ ആദ്യം മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിരുന്നു. ജോലികൾ വെട്ടിക്കുറച്ചത് പല പ്രദേശങ്ങളിൽ ഉടനീളമുള്ള മൈക്രോസോഫ്റ്റ് ജീവനക്കാരെ ബാധിച്ചതായി പറയപ്പെടുന്നു.
അമേരിക്കന്‍ ടെക് ഭീമനായ ഇന്‍റൽ അമേരിക്കയിലെ നാല് സംസ്ഥാനങ്ങളിലായി 5,000-ത്തിലധികം ജീവനക്കാരെ പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചു. അതേസമയം ടാറ്റ കൺസൾട്ടൻസി സർവീസസ് ( ടിസിഎസ് ) തങ്ങളുടെ 12,000-ത്തിലധികം ജീവനക്കാരെ പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചു. ജൂലൈ 27-നാണ് ടിസിഎസ് തങ്ങളുടെ ആഗോള ജീവനക്കാരുടെ രണ്ട് ശതമാനം പേരെ ലേഓഫ് ബാധിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇത് 12,000-ത്തിലധികം ജീവനക്കാര്‍ക്ക് തൊഴിൽ നഷ്‌ടത്തിന് കാരണമായി.
മൈക്രോസോഫ്റ്റ് ഈ വർഷം ആദ്യമായല്ല ജോലികൾ വെട്ടിക്കുറയ്ക്കുന്നത്. മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ജനുവരിയിൽ കമ്പനി ഒരു ശതമാനത്തിൽ താഴെ ജീവനക്കാരെ പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചിരുന്നു. മെയ് മാസത്തിൽ 6,000-ത്തിലധികം ജോലികളും ജൂണിൽ 300-ലധികം ജോലികളും വെട്ടിക്കുറച്ചു.
