ഉക്രൈനിൽ റഷ്യയുടെ കനത്ത ആക്രമണം; 574 ഡ്രോണുകളും 40 മിസൈലുകളും പ്രയോഗിച്ചു

0

കീവ്: അമേരിക്കയുടെ മധ്യസ്ഥതയിൽ റഷ്യ-ഉക്രൈൻ വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ആക്രമണം കടുപ്പിച്ച് റഷ്യ. ഇത് ഈ വർഷത്തെ ഏറ്റവും ശക്തമായ വ്യോമാക്രമണമാണ് റഷ്യയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് ഉക്രൈനിയൻ എയർ ഫോഴ്സ് അറിയിച്ചിട്ടുണ്ട്.

574 ഡ്രോണുകളും 40 മിസൈലുകളും ഉപയോഗിച്ചായിരുന്നു റഷ്യയുടെ ആക്രമണം. പടിഞ്ഞാറന്‍ നഗരമായ ലിവിവിലുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായും ട്രാന്‍സ്കാര്‍പാത്തിയയുടെ തെക്കുപടിഞ്ഞാറന്‍ മേഖലയിലെ ആക്രമണത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.

ഇത് യുദ്ധം അവസാനിപ്പിക്കാനുളള ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണെന്ന് ഉക്രൈന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. നേരത്തെ യുറോപ്പിലെ ഏതെങ്കിലും നിഷ്പക്ഷ വേദിയില്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിനുമായി യുദ്ധം അവസാനിപ്പിക്കാനുളള ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് ഉക്രൈന്‍ പ്രസിഡന്‍റ്  വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിനോട് റഷ്യ ഇതുവരെയും അനുകൂലമായി പ്രതികരിച്ചിട്ടില്ല.

ട്രംപിനൊപ്പം പുടിനുമായി ത്രികക്ഷി ചർച്ചകൾ നടത്താമെന്ന് സെലെൻസ്‌കി നേരത്തെതന്നെ  പറഞ്ഞിരുന്നു. കൂടിക്കാഴ്ചയ്ക്കുള്ള വേദിയെക്കുറിച്ച് ആലോചിക്കുകയാണെന്നും സ്വിറ്റ്‌സർലൻഡ്, ഓസ്ട്രിയ, തുർക്കി എന്നിവ പരി​ഗണനയിലുണ്ടെന്നും സെലൻസ്കി അറിയിച്ചിരുന്നു.  മാത്രമല്ല പുടിനും സെലൻസ്കിയും കൂടിക്കാഴ്ച നടത്തിയേക്കുമെന്ന സൂചന ട്രംപും നൽകിയിരുന്നു. സെലൻസ്കിയുമായുള്ള മീറ്റിംഗുകൾ അവസാനിച്ചപ്പോൾ താൻ പ്രസിഡന്റ് പുടിനെ വിളിച്ചിരുന്നുവെന്നും ട്രംപ് പറഞ്ഞിരുന്നു.

You might also like