ക്രൈസ്തവ നിലപാടുകളില്‍ ശ്രദ്ധേയനും ട്രംപിന്റെ വിശ്വസ്തനുമായ ചാര്‍ളി കിര്‍ക്ക് വെടിയേറ്റ് മരിച്ചു; അമേരിക്കയുടെ കറുത്ത നിമിഷമെന്ന് ട്രംപ്

0

വാഷിങ്ടണ്‍: ക്രൈസ്തവ നിലപാടുകളില്‍ ശ്രദ്ധേയനും യു.എസ് വലതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകനുമായ ചാര്‍ളി കിര്‍ക്ക് വെടിയേറ്റ് മരിച്ചു. ചാള്‍സ് ജെയിംസ് കിര്‍ക്ക് എന്നാണ് മുഴുവന്‍ പേര്. യൂട്ടാ വാലി യൂണിവേഴ്‌സിറ്റിയില്‍ ഒരു യോഗത്തില്‍ പ്രസംഗിക്കുമ്പോഴാണ് വെടിയേറ്റത്. മുപ്പത്തൊന്നുകാരനായ അദേഹം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അടുത്ത അനുയായിയും ടേണിങ് പോയിന്റ് യുഎസ്എ എന്ന സംഘടനയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമാണ്.

2012 ല്‍ 18 വയസുള്ളപ്പോഴാണ് ടേണിങ് പോയിന്റ് എന്ന സംഘനയ്ക്ക് ചാര്‍ലിയും വില്ല്യം മോണ്‍ഡ്ഗോമെരിയും ചേര്‍ന്ന് രൂപം നല്‍കിയത്. അമേരിക്കന്‍ ക്യാമ്പസുകളില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ഒരു സംഘടനയായി ടി.പി.യു.എസ്.എ മാറി. മരണ വാര്‍ത്ത ഡൊണാള്‍ഡ് ട്രംപ് തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുവാക്കളെ ട്രംപിലേക്ക് അടുപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിച്ച വ്യക്തിയാണ് കൊല്ലപ്പെട്ടത്. ഏറെ പ്രചാരമുള്ള പോഡ്കാസ്റ്റുകളുടെ അവതാരകനായിരുന്നു അദേഹം.

‘യേശുക്രിസ്തു മരണത്തെ പരാജയപ്പെടുത്തി. അതിനാല്‍ നമ്മുക്ക് ജീവന്‍ ലഭിച്ചു.’-എന്നതായിരുന്നു ചാര്‍ളി സാമൂഹിക മാധ്യമമായ എക്‌സില്‍ അവസാനമായി കുറിച്ച വാചകം. അമേരിക്കന്‍ യൂണിവേഴ്‌സിറ്റികളിലെ ആയിരക്കണക്കിന് യുവാക്കളെ പ്രചോദിപ്പിച്ച വ്യക്തിത്വത്തിന് ഉടമയാണ് കിര്‍ക്ക്. രാഷ്ട്രീയപരമായി ശക്തിപ്പെടുന്നതോടൊപ്പം തന്നെ വിശ്വാസത്തിലും അടിയുറച്ച് ബലപ്പെടുവാന്‍ ആഹ്വാനം നല്‍കിയ യുവാവായിരുന്നു അദേഹം

You might also like