
“കുവൈത്ത് വിസ” പ്ലാറ്റ്‌ഫോം വഴി വിതരണം ചെയ്തത് രണ്ട് ലക്ഷത്തിലേറെ വിസകൾ
കുവൈത്ത് സിറ്റി: കുവൈത്തിൽ കഴിഞ്ഞ ജൂലൈയിൽ ആരംഭിച്ച “കുവൈത്ത് വിസ” പ്ലാറ്റ്‌ഫോം വഴി ആറ് ഗവർണറേറ്റുകളിലായി രണ്ട് ലക്ഷത്തിലേറെ വിസകൾ വിതരണം ചെയ്തു. നേരത്തെയുള്ള നിയന്ത്രണങ്ങളില്ലാതെ ഇപ്പോൾ എല്ലാ രാജ്യക്കാരും വിസിറ്റ് വിസക്ക് അപേക്ഷിക്കാനാകുന്ന സാഹചര്യമാണെന്ന് അധികൃതർ വ്യക്തമാക്കി. ഓരോ ഗവര്‍ണറേറ്റിലെ ഇമിഗ്രേഷൻ വകുപ്പും ദിവസേന ഏകദേശം 1,000 വിസിറ്റ് വിസകൾ അംഗീകരിക്കുന്നുണ്ട്. ടൂറിസം വളർത്താനും പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനുമാണ് പുതിയ നടപടികൾ ലക്ഷ്യമിടുന്നത്. സന്ദർശകർക്ക് ടൂറിസ്റ്റ്, ബിസിനസ്, ഫാമിലി തുടങ്ങിയ വിസകൾ എളുപ്പത്തിൽ ലഭ്യമാക്കാനാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്.
