പുതിയ ന്യൂനമര്‍ദം നാളെ; കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത

0

തിരുവനന്തപുരം: തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം നാളെ രൂപപ്പെടും. ഇതിന്റെ ഫലമായി കേരളത്തില്‍ ഇന്ന് മുതല്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മധ്യകേരളത്തിലാണ് കൂടുതല്‍ മഴ ലഭിക്കുക. ഇടുക്കി ജില്ലയില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദം 72 മണിക്കൂറില്‍ ശക്തി പ്രാപിച്ച്‌ ഒരു ചുഴലിക്കാറ്റായി മാറുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തില്‍ കേരളമില്ലെങ്കിലും കേരളത്തില്‍ ശക്തമായ മഴക്ക് ഇത് കാരണമാകും. കേരളത്തില്‍ നാളെ ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 23ന് ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലും 24ന് ഇടുക്കി, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. എന്നാല്‍ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല. അറബിക്കടലില്‍ മണിക്കൂറില്‍ 60 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റു വീശാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പിന്റെ നിര്‍ദേശമുണ്ട്.

നാളെ രൂപപ്പെടുന്ന ന്യൂനമര്‍ദം 24ന് ചുഴലിക്കാറ്റായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേയ് 26നോ 27നോ ചുഴലിക്കാറ്റ് ബംഗാള്‍ തീരം തൊടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചുഴലിക്കാറ്റ് ഒമാന്‍ നല്‍കിയ ‘യാസ്’ എന്ന പേരിലാകും അറിയപ്പെടുക.

You might also like