ആഫ്രിക്കൻ ഒച്ചിനെ തുരത്താൻ തുരിശും ഫെവികോളും: പ്രയോഗ രീതി പങ്കുവച്ച് യുവ കർഷകൻ

0

കേരളത്തിലെ കർഷകർക്ക് വലിയ തലവേദനയായി മാറിയിരിക്കുകയാണ് ആഫ്രിക്കൻ ഒച്ചുകൾ. ഒറ്റനോട്ടത്തിൽ നിരുപദ്രവകാരികളായ സാധു ജീവികളെന്നു തോന്നുമെങ്കിലും അത്യന്തം അപകടകാരികളാണ് ഇവയെന്ന് കർഷകരും വിദഗ്ധരും സമ്മതിക്കും. എല്ലാത്തരം വിളകളെയും ഇവ ആക്രമിക്കുന്നതിനാൽ കർഷകർക്ക് വലിയ നഷ്ടമാണുണ്ടാകുന്നത്. സസ്യങ്ങളെ മാത്രമല്ല മനുഷ്യർക്കും ഇവ ഉപദ്രവകാരികളാണ്. കുട്ടികളെ ബാധിക്കുന്ന ഈസ്നോഫിലിക് മെനഞ്ചൈറ്റിസ് എന്ന രോഗത്തിന്റെ വാഹകരുമാണ് ആഫ്രിക്കൻ ഒച്ചുകൾ. ഉപ്പ് വിതറി ഇവയെ പ്രതിരോധിക്കാമെങ്കിലും അത് പൂർണ വിജയമെന്ന് പറയാനാകില്ല. കൃഷിയിടത്തിന്റെ വളക്കൂറ് നഷ്ടപ്പെടാനും സസ്യങ്ങളുടെ നാശത്തിനും ഉപ്പിന്റെ അമിത ഉപയോഗം കാരണമാകും. അതുകൊണ്ടുതന്നെ കൃത്യമായ പ്രതിരോധ മാർഗങ്ങളും നശീകരണ രീതികളും കർഷകർ സ്വീകരിച്ചെങ്കിൽ മാത്രമേ ഇവയെ നശിപ്പിക്കാൻ കഴിയൂ.

ആഫ്രിക്കൻ ഒച്ചിന്റെ ശല്യം ഒഴിവാക്കാൻ തന്റേതായ രീതിയിൽ ഒരു പ്രതിരോധമാർഗം കണ്ടെത്തിയിരിക്കുകയാണ് ആലപ്പുഴ കഞ്ഞിക്കുഴി സ്വദേശി ഫിലിപ് ചാക്കോ എന്ന യുവ കർഷകൻ. കേരളത്തിലേതന്നെ ഏറ്റവും വലിയ കൃത്യതാകൃഷിയിടങ്ങളിലൊന്നാണ് ഫിലിപ്പിന്റേത്. കൃഷിയിടം വൃത്തിയായി സൂക്ഷിക്കുകയാണ് ഒച്ചുകളെ അകറ്റി നിർത്താനുള്ള ഒരു വഴി. പകൽ സമയങ്ങളിൽ തണുപ്പുള്ള സ്ഥലത്ത് ഒളിക്കുന്ന ഒച്ചുകൾ രാത്രിയിലാണ് സംഹാരരൂപികളാകുന്നത്. അതുകൊണ്ടുതന്നെ ഒളിച്ചിരിക്കാനുള്ള സൗകര്യം തോട്ടത്തിൽ ഉണ്ടാവാൻ പാടില്ല.

തുരിശാണ് ഒച്ചിനെ നശിപ്പിക്കാനുള്ള പ്രധാന മാർഗം. തോട്ടത്തിൽ തുരിശ് വിതറുന്നതിലോ തുരിശുലായനി തളിക്കുന്നതിലോ നല്ലത് അവ നശിച്ചുപോകാതെ ഏതെങ്കിലും മാധ്യമത്തിൽ പറ്റിപ്പിടിച്ചിരിക്കുന്നതാണ്. തുരിശു ലായനിയിൽ ഫെവിക്കോൾ പോലുള്ള ഏതെങ്കിലും പശ ചേർത്ത് അതിൽ ചകിരിക്കയറോ ചണക്കയറോ മുക്കിയശേഷം തോട്ടത്തിൽ അതിരുപോലെ നിലത്ത് വിരിക്കാണം. ഇതിലൂടെ കയറുന്ന ഒച്ചിന്റെ ശരീരത്തിൽ തുരിശ് പറ്റുകയും അവ നശിക്കുകയും ചെയ്യുമെന്ന് ഫിലിപ് ചാക്കോ.

അതുപോലെ കൃഷിയിടത്തിലെ മൾച്ചിങ് ഷീറ്റിലും ഇത്തരത്തിൽ തയാറാക്കുന്ന ലായനി തളിച്ചുകൊടുക്കാം. 5 ലീറ്റർ വെള്ളത്തിൽ 1 കിലോ തുരിശ് ലയിപ്പിച്ചശേഷം അതിൽനിന്ന് 1 ലീറ്റർ എടുത്ത് 10 ലീറ്റർ വെള്ളത്തിലേക്ക് ചേർത്ത് നേർപ്പിക്കണം. ഇതിനൊപ്പം ഫെവിക്കോൾ വെള്ളത്തിൽ നന്നായി ലയിപ്പിച്ചതും ചേർക്കണം. മിശ്രിതം നന്നായി ഇളക്കിയശേഷം മൾച്ചിങ് ഷീറ്റിൽ സ്പ്രേ ചെയ്ത് കൊടുക്കാം. ചുവട്ടിൽ തളിക്കുമ്പോൾ ചെടികളിൽ വീഴാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മൾച്ചിങ് ഷീറ്റിൽ പറ്റിപ്പിടിച്ചിരിക്കുന്ന തുരിശിലൂടെ ഒച്ച് സഞ്ചരിക്കുമ്പോൾ അവയുടെ ശരീരത്തിലെ സ്രവം പറ്റി തുരിശ് ഇളകും. ഇങ്ങനെ ഇളകുന്ന തുരിശ് അവയെ നശിപ്പിക്കുമെന്നും ഫിലിപ് ചാക്കോ പറയുന്നു.

You might also like