വാട്‌സാപ്പില്‍ വലിയ സുരക്ഷാ വീഴ്ച: 350 കോടി ഉപഭോക്താക്കളുടെ ഫോണ്‍ നമ്പറുകള്‍ ഭീഷണിയിലായെന്ന് റിപ്പോർട്ട്

0

ആഗോള തലത്തില്‍ ജനപ്രിയമായ മെസേജിങ് പ്ലാറ്റ്‌ഫോമാണ് വാട്‌സാപ്പ്. ഉപകാരപ്രദമായ ഒട്ടേറെ ഫീച്ചറുകള്‍ വാട്‌സാപ്പിലുണ്ട്. ഇതിനെല്ലാം പുറമെ ഉപഭോക്താക്കളുടെ ഡാറ്റ സംരക്ഷിക്കുന്നതിനുള്ള കര്‍ശനമായ പ്രോട്ടോകോളുകളും വാട്‌സാപ്പ് പാലിക്കുന്നുണ്ട്. എന്നാല്‍ അടുത്തിടെ നടന്ന ഒരു ഗവേഷണത്തില്‍ വാട്‌സാപ്പില്‍ വലിയ സുരക്ഷാ വീഴ്ചയുണ്ടായെന്നും 350 കോടി ഉപഭോക്താക്കളുടെ ഫോണ്‍ നമ്പറുകള്‍ ഭീഷണിയിലായെന്നും കണ്ടെത്തി.

വിയെന്ന സര്‍വകലാശാലയിലെ സുരക്ഷാ ഗവേഷകരാണ് വാട്‌സാപ്പിലെ ഒരു നിസാരമായ സുരക്ഷാവീഴ്ച ദുരുപയോഗം ചെയ്ത് 350 കോടി ഫോണ്‍ നമ്പറുകള്‍ ചോര്‍ത്താനാവുമെന്ന് കണ്ടെത്തിയത്. ഈ പഴുത് സൈബര്‍ കുറ്റവാളികള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും ചരിത്രത്തിലെ ഏറ്റവും വലിയ വിവരച്ചോര്‍ച്ച ആയിരിക്കും അതെന്നും ഗവേഷകര്‍ പറയുന്നു.

വാട്‌സാപ്പില്‍ എളുപ്പത്തില്‍ കോണ്‍ടാക്ടുകള്‍ കണ്ടുപിടിക്കാമെന്നതാണ് വാട്‌സാപ്പിന്റെ സ്വീകാര്യതയ്ക്ക് പിന്നിലെ ഒരു ഘടകം, ഒരു കോണ്‍ടാക്ട് സേവ് ചെയ്യുമ്പോള്‍ തന്നെ ആ നമ്പര്‍ വാട്‌സാപ്പിലുണ്ടോ എന്നറിയാനാവും. ഒപ്പം അതിലെ പേരും പ്രൊഫൈല്‍ ചിത്രവും കാണാം. ഈ വിദ്യ ഉപയോഗപ്പെടുത്തി ഭൂമിയിലെ എല്ലാ വാട്‌സാപ്പ് ഉപഭോക്താവിന്റെയും ഫോണ്‍ നമ്പര്‍ കണ്ടെത്താനാവുമെന്ന് വയേര്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടൊപ്പം അവരുടെ പ്രൊഫൈല്‍ ചിത്രവും ഫോണ്‍ നമ്പറിനൊപ്പം നല്‍കിയ പേരോ മറ്റ് ടെക്‌സ്റ്റുകളോ ലഭിക്കുകയും ചെയ്യും.

You might also like