യുഎഇയിൽ അടിയന്തര വൈദ്യസഹായം ആവശ്യമുള്ള സന്ദർഭങ്ങളിൽ ഇൻഷുറൻസ് കമ്പനികളുടെ മുൻകൂർ അനുമതിക്കായി ചികിത്സ വൈകിപ്പിക്കരുതെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രി

0

അബുദാബി: യുഎഇയിൽ അടിയന്തര വൈദ്യസഹായം ആവശ്യമുള്ള സന്ദർഭങ്ങളിൽ ഇൻഷുറൻസ് കമ്പനികളുടെ മുൻകൂർ അനുമതിക്കായി ചികിത്സ വൈകിപ്പിക്കരുതെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രി അബ്ദുൾ റഹ്മാൻ ബിൻ മുഹമ്മദ് അൽ ഒവൈസ്. രോഗികളുടെ ജീവൻ രക്ഷിക്കുന്നതിനായിരിക്കണം ആശുപത്രികൾ പ്രഥമ പരിഗണന നൽകേണ്ടതെന്നും അദേഹം വ്യക്തമാക്കി. ഫെഡറൽ നാഷണൽ കൗൺസിൽ സമ്മേളനത്തിലാണ് മന്ത്രി നിർണായക പ്രഖ്യാപനം നടത്തിയത്.

അപകടങ്ങളോ മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളോ മൂലം ആശുപത്രിയിലെത്തുന്ന രോഗികൾക്ക് ചികിത്സ നൽകാൻ ഇൻഷുറൻസ് കമ്പനികളിൽ നിന്നുള്ള ഇലക്ട്രോണിക് അനുമതി ലഭിക്കുന്നത് വരെ കാത്തിരിക്കേണ്ടതില്ല. രോഗിയുടെ നില സുസ്ഥിരമാക്കാൻ ആവശ്യമായ എല്ലാ അടിയന്തര നടപടികളും ആശുപത്രികൾ ഉടനടി സ്വീകരിക്കണം. സാങ്കേതികമായ കാരണങ്ങളാലോ ഇൻഷുറൻസ് നടപടിക്രമങ്ങളാലോ ഒരു ജീവൻ പോലും അപകടത്തിലാകരുത് എന്ന് മന്ത്രി ഓർമ്മിപ്പിച്ചു.

അടിയന്തര കേസുകളിൽ ഇൻഷുറൻസ് അനുമതി ഇല്ലാത്തതിന്റെ പേരിൽ ചികിത്സ നിഷേധിക്കുന്ന ആശുപത്രികൾക്കെതിരെ കർശന നടപടിയുണ്ടാകും. ഇത്തരം സാഹചര്യങ്ങളിൽ പിന്നീട് കമ്പനികളുമായി ആശയവിനിമയം നടത്താനുള്ള സംവിധാനം നിലവിലുണ്ട്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കും കമ്പനികൾക്കുമെതിരെ പിഴ ഉൾപ്പെടെയുള്ള ശിക്ഷാ നടപടികൾ ആരോഗ്യ മന്ത്രാലയം സ്വീകരിക്കും

You might also like