ഇന്ധന സ്വിച്ചിൽ തകരാറ് :എയർ ഇന്ത്യ വിമാനം സർവീസ് റദ്ദാക്കി

0

ലണ്ടൻ: പറന്നുയരുന്നതിന് തൊട്ടുമുൻപ് ഇന്ധന സ്വിച്ചിൽ തകരാറ് കണ്ട‌െത്തിയതിനെ തുടർന്ന് ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിൽനിന്നു ബംഗളൂരുവിലേക്ക് പുറപ്പെടാനിരുന്ന എയർ ഇന്ത്യ വിമാനം സർവീസ് റദ്ദാക്കി. വിമാനം ടേക്ക് ഓഫ് ചെയ്യാതിരുന്നതിനാൽ വലിയ ദുരന്തസാധ്യതയാണ് ഒഴിവായത്. 2025 ജൂൺ 12 ന് അഹമ്മദാബാദിൽ 260 പേരുടെ മരണത്തിന് കാരണമായ അപകടത്തിൽ വിമാനത്തിനുണ്ടായതും ഇതേ തകരാറായിരുന്നു.

വിമാന എഞ്ചിൻ സ്റ്റാർട്ട് ചെയ്തതിന് പിന്നാലെ പൈലറ്റാണ് ഇന്ധന സ്വിച്ചിലെ തകരാർ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഉടൻ തന്നെ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സർവീസ് റദ്ദാക്കാൻ എയർ ഇന്ത്യ തീരുമാനിക്കുകയായിരുന്നു. ഇന്ധന നിയന്ത്രണ സ്വിച്ച് ‘റൺ’എന്ന നിലയിൽ നിന്ന് ‘ കട്ട് ഓഫ്’ എന്ന നിലയിലേക്ക് സ്വയം മാറുകയായിരുന്നു.

“ബോയിങ് 787 ഡ്രീംലൈനർ വിമാനത്തിന്റെ ഇന്ധന നിയന്ത്രണ സ്വിച്ചിൽ തകരാർ സംഭവിച്ചതായി പൈലറ്റുമാരിൽ ഒരാൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വിവരം ലഭിച്ചയുടൻ വിമാനം പരിശോധനയ്ക്കായി മാറ്റി. വിഷയം ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) ശ്രദ്ധയിൽപ്പെടുത്തി’’ – എയർ ഇന്ത്യ അറിയിച്ചു.

You might also like