ഇന്ത്യയിലുള്ള നൂറിലധികം പേർക്ക് ജോലി നഷ്ടമാകും: ആമസോണിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ

0

വീണ്ടും കൂട്ടപ്പിരിച്ചുവിടൽ നടത്തുകയാണ് ആഗോള ഇ-കൊമേഴ്‌സ് ബ്രാൻഡും ടെക് ഭീമനുമായ ആമസോൺ. 16,000 പേരെയാണ് ഇത്തവണ പിരിച്ചുവിടാനൊരുങ്ങുന്നത്. ഇന്ത്യയിലുള്ള ജീവനക്കാർക്കും ജോലി നഷ്ടമാകും. എങ്കിലും യു.എസിലാണ് ജോലി നഷ്ടമാകുന്ന കൂടുതൽ പേരും. ഇന്ത്യയിൽ ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലുള്ള നൂറിലധികം പേർക്ക് ജോലി നഷ്ടമാകും.

പിരിച്ചുവിടുന്ന ജീവനക്കാർക്ക് ഇമെയിൽ സന്ദേശം വഴി അറിയിപ്പ് നൽകിയിട്ടുണ്ട്. പിരിച്ചുവിടൽ പാക്കേജുകൾ, പരിവർത്തന കാലയളവ്, തുടർച്ചയായ ആനുകൂല്യങ്ങൾ എന്നിവ വിശദീകരിക്കുന്നവയാണ് ഈ ഇ-മെയിലുകൾ. മൂന്നു മാസത്തിനിടയിലെ രണ്ടാമത്തെ കൂട്ടപ്പിരിച്ചുവിടലാണിത്. 2025 അവസാനത്തിൽ ഏകദേശം 14,000 ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടിരുന്നു. പുതിയ പ്രഖ്യാപനത്തോടെ ഇക്കാലയളവിൽ 30,000 പേരെയാണ് കമ്പനി ഒഴിവാക്കിയിരിക്കുന്നത്. 2023-ൽ ഏകദേശം 27,000 പേരെ കമ്പനി പിരിച്ചുവിട്ടിരുന്നു.

ആമസോൺ വെബ് സർവീസസ്, പ്രൈം വീഡിയോ, മീഡിയ, ഹ്യൂമൻ റിസോഴ്സസ് തുടങ്ങിയ വിഭാഗങ്ങളിൽനിന്നുള്ളവർക്ക് ജോലി നഷ്ടമാകും. അനാവശ്യമായ ഉദ്യോഗസ്ഥ ശൃംഖല വെട്ടിക്കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് ആമസോണിന്റെ ഈ നീക്കം. കമ്പനിക്കുള്ളിൽതന്നെ പുതിയ ജോലികളിൽ അപേക്ഷിക്കാൻ ജീവനക്കാർക്ക് 90 ദിവസം സമയം അനുവദിച്ചിട്ടുണ്ട്. എന്നാൽ, ഓരോ രാജ്യത്തെയും തൊഴിൽ നിയമങ്ങൾക്കനുസരിച്ച് ഇതിൽ മാറ്റമുണ്ട്.

You might also like