
മണിപ്പൂരിൽ വീണ്ടും വംശീയ സംഘർഷം; ഉഖ്‌റൂലിൽ നിരോധനാജ്ഞ; ജനങ്ങൾ കൂട്ടത്തോടെ പലായനം ചെയ്യുന്നു
ഇംഫാൽ: മാസങ്ങളായി തുടരുന്ന അശാന്തിക്കിടെ മണിപ്പൂരിൽ വീണ്ടും വംശീയ സംഘർഷം പടരുന്നു. നാഗാ ഭൂരിപക്ഷ ജില്ലയായ ഉഖ്‌റൂലിൽ കുക്കി-നാഗ വിഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെത്തുടർന്ന് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഘർഷം നിയന്ത്രിക്കാൻ സുരക്ഷാസേനയെ വിന്യസിക്കുകയും കനത്ത ജാഗ്രതാ നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.
ലിറ്റാൻ സാരയ്‌ഖോങ് ഗ്രാമത്തിൽ സായുധ സംഘങ്ങൾ വീടുകൾക്ക് തീയിട്ടതോടെയാണ് സ്ഥിതിഗതികൾ വഷളായത്. സായുധർ ആകാശത്തേക്ക് വെടിയുതിർക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തതോടെ ഗ്രാമവാസികൾ പ്രാണരക്ഷാർത്ഥം അയൽ ജില്ലയായ കാങ്‌പോക്പിയിലേക്ക് പലായനം ചെയ്യുകയാണ്. നിലവിൽ സംഘർഷത്തിന് നേരിയ അയവ് വന്നിട്ടുണ്ടെങ്കിലും പ്രദേശം ഇപ്പോഴും സംഘർഷഭരിതമാണ്.
കഴിഞ്ഞ ദിവസം രാത്രി ലിറ്റാൻ ഗ്രാമത്തിൽ ഒരു നാഗാ യുവാവിന് നേരെ നടന്ന ആക്രമണമാണ് സംഘർഷത്തിന് തിരികൊളുത്തിയത്. ഗോത്ര നേതാക്കൾ ഇടപെട്ട് സമാധാന ചർച്ചകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നാലെ ഇരുവിഭാഗങ്ങളും തമ്മിൽ കല്ലേറുണ്ടാവുകയും ഇത് വലിയ തോതിലുള്ള അക്രമത്തിലേക്ക് നീങ്ങുകയുമായിരുന്നു. ആളുകൾ കൂട്ടംകൂടുന്നത് ഒഴിവാക്കാൻ പോലീസ് കർശന നടപടികൾ സ്വീകരിച്ചു വരുന്നു
