
കാബൂളിലെ ആശുപത്രിയില്‍ പാക് വ്യോമാക്രമണം; 400 പേര്‍ കൊല്ലപ്പെട്ടു
അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളില്‍ പാകിസ്താൻ സൈന്യം നടത്തിയ അതിശക്തമായ വ്യോമാക്രമണത്തില്‍ 400 പേർ കൊല്ലപ്പെട്ടു.
കാബൂളിലെ 2000 കിടക്കകളുള്ള ലഹരി വിമോചന ആശുപത്രിക്ക് നേരെയാണ് ആക്രമണം ഉണ്ടായതെന്ന് താലിബാൻ വക്താവ് അറിയിച്ചു. ആക്രമണത്തില്‍ 250-ഓളം പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. ആശുപത്രിയുടെ വലിയൊരു ഭാഗം തകർന്നതായും അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ പേർ കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചു.ആക്രമണത്തെ ശക്തമായി അപലപിച്ച താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ്, ആശുപത്രികളും സിവിലിയൻ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് പാകിസ്താൻ ഭീകരത സൃഷ്ടിക്കുകയാണെന്ന് കുറ്റപ്പെടുത്തി.
പാക് സൈന്യത്തിന്റെ നടപടി അന്താരാഷ്ട്ര തത്വങ്ങള്‍ക്ക് വിരുദ്ധവും മാനവരാശിക്കെതിരായ കുറ്റകൃത്യവുമാണെന്ന് അദ്ദേഹം എക്സില്‍ കുറിച്ചു. എന്നാല്‍ താലിബാന്റെ ആരോപണങ്ങള്‍ പാകിസ്താൻ തള്ളി. ആശുപത്രി ലക്ഷ്യമിട്ടിട്ടില്ലെന്നും കാബൂളിലും കിഴക്കൻ പ്രവിശ്യയായ നർഗാർഹാറിലും ഭീകരർ ഉപയോഗിക്കുന്ന സൈനിക താവളങ്ങളും ആയുധപ്പുരകളും മാത്രമാണ് തകർത്തതെന്നും പാക് വാർത്താവിതരണ മന്ത്രി അത്താഉല്ല തരാർ പ്രതികരിച്ചു.
