
കുവൈറ്റ് വിമാനത്താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം; ഇന്ധനടാങ്കില്‍ തീപിടിത്തം
മസ്‌കറ്റ്: കുവൈറ്റ് വിമാനത്താവളത്തിന് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം. വിമാനത്താവളത്തിലെ ഇന്ധനടാങ്കിലാണ് ഡ്രോണ്‍ പതിച്ചത്. ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് വലിയ തീപിടിത്തമുണ്ടായെങ്കിലും ആളപായമില്ലെന്ന് കുവൈറ്റ് അധികൃതര്‍ അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ഡ്രോണുകളെ പ്രതിരോധിച്ചതായി കുവൈറ്റ് എയര്‍ ഡിഫന്‍സും അറിയിച്ചു. നിരവധി ഡ്രോണുകളെ എല്ലാ ദിവസവും തങ്ങള്‍ പ്രതിരോധിക്കുന്നുണ്ടെന്നും അതിന്റെ ശബ്ദമാണ് രാജ്യത്തിന്റെ പല ഭാഗത്ത് നിന്നും കേള്‍ക്കുന്നതെന്നും അതില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും കുവൈറ്റ് സംയുക്ത സൈനിക മേധാവി അറിയിച്ചു.
ഇറാന്‍ ആക്രമണത്തെ തുടര്‍ന്ന് കമ്പനയില്‍ തീപിടിത്തമുണ്ടായതായി ബഹ്‌റൈന്‍ സിവില്‍ ഡിഫന്‍സ് അറിയിച്ചു. തീ നിയന്ത്രണവിധേയമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ബഹ്‌റൈന്‍ സിവില്‍ ഡിഫന്‍സ് വ്യക്തമാക്കി.
കിഴക്കന്‍ മേഖലയില്‍ ഏഴ് ഡ്രോണുകളെ പ്രതിരോധിച്ചുവെന്ന് സൗദി അറേബ്യയും അറിയിച്ചു. ഇറാനില്‍ നിന്ന് വന്ന ഏഴ് ബാലിസ്റ്റിക് മിസൈലുകളേയും 16 ഡ്രോണുകളേയും പ്രതിരോധിച്ചുവെന്ന് യു.എ.ഇയും അറിയിച്ചു.
അതേസമയം, മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം ലഘൂകരിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകള്‍ കുടുങ്ങി കിടക്കുന്നത് ഇന്ത്യക്ക് ആശങ്ക സൃഷ്ടിക്കുകയാണെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
