
ഗ്യാസുമില്ല ഇന്ധനവുമില്ല, വൈദ്യുതി നിയന്ത്രണവും; കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങി പാകിസ്ഥാന്‍
ഇസ്ലാമാബാദ്: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ പാകിസ്ഥാന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. ഇന്ധന വില വര്‍ധിച്ചതിന് പിന്നാലെ രാജ്യത്ത് വൈദ്യുതി, പാചക വാതക വിതരണം കൂടി താറുമാറായതോടെ ജന ജീവിതവും പൂര്‍ണമായും സ്തംഭിച്ച അവസ്ഥയിലാണ്.
പാചകവാതക വിതരണം ഒരു മുന്നറിയിപ്പും കൂടാതെയാണ് രാജ്യത്ത് നിര്‍ത്തിവച്ചു. ഇതോടെ വീടുകളില്‍ ഭക്ഷണം പാകം ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്. ഭക്ഷണം കഴിക്കാന്‍ ഹോട്ടലുകളെയും റസ്റ്ററന്റുകളെയും ആശ്രയിക്കേണ്ട ഗതികേടിലാണ് പാക് ജനത. വൈദ്യുതി ഉല്‍പാദനം കുറയുകയും വില കുതിച്ചുയരുകയും ചെയ്തതോടെ സര്‍ക്കാര്‍ ലോഡ്ഷെഡിങും പ്രഖ്യാപിച്ചു. വൈകുന്നേരം അഞ്ച് മുതല്‍ പുലര്‍ച്ചെ ഒന്ന് വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പാക്കിസ്ഥാന്റെ സാമ്പത്തിക തലസ്ഥാനമായ കറാച്ചിയിലാണ് പ്രതിസന്ധി ഏറ്റവും രൂക്ഷമായി നില നിലനില്‍ക്കുന്നത്.
രാജ്യത്തിന്റെ മൊത്തം വരുമാനത്തിന്റെ 65 ശതമാനവും സംഭാവന ചെയ്യുന്ന കറാച്ചിയില്‍ പോലും അവശ്യ സേവനങ്ങള്‍ നല്‍കാന്‍ കഴിയാത്തത് സര്‍ക്കാരിന്റെ പരാജയമാണെന്ന് പ്രതിപക്ഷം വ്യക്തമാക്കുന്നു. നേരത്തെ ഇന്ധന വില കുത്തനെ കൂട്ടിയത് രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. ജനരോഷം ഭയന്ന് സര്‍ക്കാര്‍ വിലയില്‍ നേരിയ കുറവ് വരുത്തിയെങ്കിലും നിലവിലെ വൈദ്യുതി-ഗ്യാസ് ക്ഷാമം സ്ഥിതിഗതികള്‍ വീണ്ടും വഷളാക്കിയിരിക്കുകയാണ്. സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളാണ് പാക് ജനതയുടെ ദുരവസ്ഥയ്ക്ക് കാരണമെന്നും പ്രതിപക്ഷം ആരോപിച്ചു
