
ആയുഷ്മാന്‍ ഭാരത്: ആശുപത്രികള്‍ക്ക് സംസ്ഥാനം നല്‍കാനുള്ളത് 1,824.29 കോടി; പദ്ധതിയില്‍ നിന്ന് സ്വകാര്യ ആശുപത്രികള്‍ പിന്മാറുന്നു
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ആറ് വര്‍ഷത്തിനിടെ ആശുപത്രികള്‍ക്ക് നല്‍കാനുള്ള കുടിശിക 1,824.29 കോടിയെന്ന് കണക്കുകള്‍. 2020 ജൂലൈ മുതല്‍ 2026 മാര്‍ച്ച് ഒന്ന് വരെയുള്ള കണക്കാണിത്. കുടിശിക പെരുകിയതോടെ സ്വകാര്യ ആശുപത്രികളില്‍ പലതും പദ്ധതിയില്‍ നിന്ന് പിന്മാറി.
സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് കുടിശിക വര്‍ധിക്കാന്‍ കാരണമെന്നാണ് സൂചന. സര്‍ക്കാര്‍ ആശുപത്രികള്‍ കൂടാതെ 500 ഓളം സ്വകാര്യ ആശുപത്രികളാണ് പദ്ധതിയില്‍ അംഗങ്ങളായുള്ളത്. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയാണിത്. ഇതില്‍ 60:40 അനുപാതത്തിലാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതി വിഹിതം.
സംസ്ഥാനത്ത് 43 ലക്ഷം കുടുംബങ്ങളാണ് പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ളത്. നിര്‍ധന കുടുംബങ്ങള്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുന്നതിനൊപ്പം 70 വയസോ കൂടുതലോ പ്രായമുള്ള പൗരന്മാര്‍ക്ക് സാമ്പത്തിക നില പരിഗണിക്കാതെ പദ്ധതി വഴി ആനുകൂല്യവും ലഭ്യമാക്കുന്നുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പും ശേഷവുമുള്ള മരുന്ന്, രോഗ നിര്‍ണയ ചെലവ് അടക്കമാണിത്.
സംസ്ഥാനത്തിന്റെ പൂര്‍ണ വിഹിതത്തോടെയുള്ള കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഗുണഭോക്താക്കളെയാണ് ആയുഷ്മാന്‍ ഭാരതിലും ഉള്‍പ്പെടുത്തിയത്. 2018 ല്‍ ആരംഭിച്ച പദ്ധതിയില്‍ 2019 ലാണ് സംസ്ഥാനം പങ്കാളിയായത്. ഇതുവരെ പദ്ധതിക്കായി 5,237.24 കോടി രൂപയാണ് സംസ്ഥാനം ചെലവിട്ടത്.
MyScheme വെബ്‌സൈറ്റ് വഴിയോ, ആയുഷ്മാന്‍ ആപ്പ്, അക്ഷയ കേന്ദ്രങ്ങള്‍ എന്നിവ വഴിയോ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്
