കോംഗോയിൽ എബോള വ്യാപനം രൂക്ഷം; ബാധിതർ ആയിരം കടന്നു

0

കിൻഷസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ കിഴക്കൻ മേഖലകളിൽ പടർന്നുപിടിക്കുന്ന എബോള ബാധ അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക്. രാജ്യത്ത് ഇതുവരെ എബോള സ്ഥിരീകരിച്ചവരുടെ എണ്ണം 1,000 കടന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രദേശത്തുണ്ടാകുന്ന ആഭ്യന്തര അക്രമങ്ങളും ജനങ്ങളുടെ കൂട്ടപ്പലായനവും രോഗവ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്.

മേയ് 15-ന് വടക്കുകിഴക്കൻ പ്രവിശ്യയായ ഇറ്റൂരിയിലാണ് എബോള വ്യാപനം കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം 1,003 പേർക്ക് രോഗബാധ സ്ഥിരീകരിക്കുകയും 254 പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. നിലവിൽ 100 പേർ രോഗമുക്തി നേടിയപ്പോൾ 365-ഓളം ആളുകൾ വിവിധ ആശുപത്രികളിലും ഐസൊലേഷൻ കേന്ദ്രങ്ങളിലുമായി ചികിത്സയിലാണ്.

നിലവിൽ പടർന്നുപിടിക്കുന്നത് എബോളയുടെ ഏറ്റവും അപൂർവമായ ബന്ദിബൂഗ്യോ എന്ന വകഭേദമാണ്. നിലവിൽ ഈ വകഭേദത്തിനെതിരെ അംഗീകൃത വാക്സിനുകളോ കൃത്യമായ ചികിത്സാ രീതികളോ ലഭ്യമല്ല എന്നത് ആശങ്ക ഇരട്ടിയാക്കുന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന പലരും ആരോഗ്യവിഭാഗത്തിന്റെ പരിധിയിൽ വരാത്തതിനാൽ യഥാർത്ഥ രോഗബാധിതരുടെ എണ്ണം ഇതിലും വളരെ കൂടുതലായിരിക്കാമെന്നാണ് ഔദ്യോഗിക വിലയിരുത്തൽ.

You might also like