മെയ് നാല് വരെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ ഒരു മുറിയും തുറക്കരുത്: കര്‍ശന നിര്‍ദേശം നല്‍കി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

0

തിരുവനന്തപുരം: വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ മുറികള്‍ തുറക്കരുതെന്ന കര്‍ശന നിര്‍ദേശവുമായി നല്‍കി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍. വോട്ടെണ്ണല്‍ ദിവസമായ മെയ് നാല് വരെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ മുറികള്‍ തുറക്കരുതെന്നാണ് നിര്‍ദേശം.

സീല്‍ ചെയ്യാത്ത മുറികളും തുറക്കരുതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കി. പേരാമ്പ്രയിലേയും നെന്മാറയിലേയും സ്‌ട്രോങ് റൂം വിവാദത്തിന് പിന്നാലെയാണ് നിര്‍ദേശം. നെന്മാറ മണ്ഡലത്തിന്റെ മെറ്റീരിയല്‍ റൂം തുറക്കാന്‍ തീരുമാനിച്ചതില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വിശദീകരണം തേടിയിട്ടുണ്ട്.

കോഴിക്കോട് പേരാമ്പ്രയിലെ സ്‌ട്രോങ് റൂം വിവാദം അണയുന്നതിന് പിന്നാലെയാണ് പാലക്കാട് നെന്മാറയിലും സ്‌ട്രോങ് റൂം വിവാദമുണ്ടായത്. വിക്ടോറിയ കോളജിലെ സ്‌ട്രോങ് റൂം തുറക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം വിവാദമായതോടെ മാറ്റി. തുറക്കാന്‍ തീരുമാനിച്ചത് മെറ്റീരിയല്‍ സ്‌ട്രോങ് റൂം ആണെന്നും ഇവിഎം സ്‌ട്രോങ് റൂം അല്ലെന്നും ജില്ലാ കളക്ടര്‍ എം.എസ് മാധവിക്കുട്ടി പറഞ്ഞു.

ഇവിഎമ്മുകളുള്ള സ്‌ട്രോങ് റൂമുകളോട് ചേര്‍ന്നാണ് തിരഞ്ഞെടുപ്പ് രേഖകള്‍ അടങ്ങിയ മെറ്റീരിയല്‍ സ്‌ട്രോങ് റൂമും ഉള്ളതെന്നും അത് തുറക്കുന്നതില്‍ അസ്വഭാവികതയില്ലെന്നുമാണ് കളക്ടര്‍ വ്യക്തമാക്കിയത്. ഫോം 17 A എടുക്കാനാണ് മെറ്റീരിയല്‍ സ്‌ട്രോങ് റൂം തുറക്കാന്‍ തീരുമാനിച്ചത്. വെബ്‌സൈറ്റില്‍ കണക്കുകള്‍ കൃത്യമായി രേഖപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു തീരുമാനം എന്നാണ് വിശദീകരണം

You might also like