സംസ്ഥാനത്ത് വീണ്ടും പാമ്പ് കടിയേറ്റ് മരണം; തിരുവനന്തപുരത്ത് എട്ട് വയസുകാരന് ദാരുണാന്ത്യം

0

തിരുവനന്തപുരം: ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പുകടിയേറ്റ എട്ട് വയസുകാരന് ദാരുണാന്ത്യം. ചിറയിന്‍കീഴ് അഴൂര്‍ മൂലേല്‍ വീട്ടില്‍ ദിലീപ്-അനു ദമ്പതികളുടെ മൂത്ത മകന്‍ ദിക്ഷലാണ് മരിച്ചത്.

ഇന്ന് രാവിലെ നാലോടെയാണ് കുട്ടിയെ പാമ്പ് കടിച്ച വിവരം അറിഞ്ഞത്. ഉടന്‍ ചിറയിന്‍കീഴ് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൂര്‍ഖന്‍ പാമ്പാണ് കടിച്ചതെന്ന് സ്ഥിരീകരിച്ചു. കുട്ടിയുടെ വീട്ടില്‍ നിന്ന് പാമ്പിനെ പിടികൂടി.

കഴിഞ്ഞ ഞായറാഴ്ച തൃശൂര്‍ കോടാലിയില്‍ തലയിണയ്ക്കടിയില്‍ നിന്നും പാമ്പിന്റെ കടിയേറ്റ് ഉറങ്ങിക്കിടന്ന എട്ട് വയസുകാരന്‍ മരിച്ചിരുന്നു. കടിയേറ്റ സഹോദരന്‍ ഇപ്പോഴും ചികിത്സയിലാണ്. കടമ്പോട് കാവുങ്ങല്‍ സില്‍ജോ – ജോണ്‍സി ദമ്പതികളുടെ ഇളയ മകന്‍ ആല്‍ജോയാണ് മരിച്ചത്. ഗുരുതരാവസ്ഥയിലുള്ള അനോജിനെ (10) അങ്കമാലി അപ്പോളോ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

ആല്‍ജോയുടെ കൈയിലും അനോജിന്റെ കാലിലുമാണ് കടിയേറ്റത്. കുട്ടികള്‍ ഉറങ്ങിയ മുറിയിലെ തലയിണയ്ക്കടിയില്‍ നിന്ന് വെള്ളിക്കെട്ടന്‍ ഇനത്തില്‍പ്പെട്ട പാമ്പിനെ കണ്ടെത്തിയിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ രണ്ടിനാണ് കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. തലേദിവസം വീടിനടുത്ത് പുരോഹിതന്റ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി വിരുന്നില്‍ പങ്കെടുത്തിരുന്നു. തുടര്‍ന്ന് വീട്ടിലെത്തി ഉറങ്ങാന്‍ കിടക്കുന്നതിന് മുന്‍പ് അവക്കാഡോ ജ്യൂസും കുടിച്ചു. ഇതേത്തുടര്‍ന്ന് ഭക്ഷ്യവിഷബാധയാണെന്നാണ് രക്ഷിതാക്കള്‍ ആദ്യം കരുതിയത്.

പിന്നാലെ കുട്ടികള്‍ക്ക് ജീരകവെള്ളം കൊടുത്ത് വീണ്ടും ഉറങ്ങാന്‍ കിടത്തി. പുലര്‍ച്ചെ നാലിന് അല്‍ജോയുടെ വായില്‍ നിന്ന് നുരയും പതയും വന്നു. ഉടന്‍ കോടാലിയിലെ ആശുപത്രിയിലും തുടര്‍ന്ന് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിശോധനയില്‍ പാമ്പ് കടിയേറ്റിട്ടുണ്ടെന്ന് കണ്ടെത്തി. പിന്നാലെ ആല്‍ജോ മരിച്ചു. തുടര്‍ന്നാണ് അനോജിനെ അങ്കമാലി അപ്പോളോ ആശുപത്രിയിലേക്ക് മാറ്റിയത്

You might also like