
മാസങ്ങളായി തുടരുന്ന യു.എസ്-ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന കരാറിലേക്ക് ഇരു രാജ്യങ്ങളും എത്തിയതായി പുതിയ റിപ്പോര്‍ട്ട്
വാഷിങ്ടണ്‍: മാസങ്ങളായി തുടരുന്ന യു.എസ്-ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന കരാറിലേക്ക് ഇരു രാജ്യങ്ങളും എത്തിയതായി പുതിയ റിപ്പോര്‍ട്ട്. മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്ന വൃത്തങ്ങളാണ് ‘വണ്‍ പേജ് മെമ്മോറാണ്ടം’ എന്ന് വിളിക്കപ്പെടുന്ന സമാധാന ധാരണാ പത്രം ഉടന്‍ ഒപ്പിടുമെന്ന സൂചന നല്‍കിയിരിക്കുന്നത്.
ഒരു പേജില്‍ ഉള്‍ക്കൊള്ളുന്ന 14 ഇന നിര്‍ദേശങ്ങളാണ് കരാറിലുള്ളതെന്ന് ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു. യു.എസ് പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫ്, ജാരെഡ് കുഷ്‌നര്‍ എന്നിവര്‍ ഇറാന്‍ ഉദ്യോഗസ്ഥരുമായി നേരിട്ടും അല്ലാതെയും നടത്തിയ ചര്‍ച്ചകളാണ് ഇത്തരമൊരു കരാറിലേക്ക് വഴി തുറന്നത്. കരാര്‍ ഒപ്പിടുന്നതോടെ മേഖലയിലെ യുദ്ധത്തിന് ഔദ്യോഗികമായി അവസാനമാകും. തുടര്‍ന്ന് വരുന്ന 30 ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിനും ഇറാന്റെ ആണവ പദ്ധതികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനും ആവശ്യമായ ചര്‍ച്ചകള്‍ നടക്കും.
കരാറിന്റെ ഭാഗമായി യു.എസ് ഇറാന് മേല്‍ ചുമത്തിയ ഉപരോധങ്ങള്‍ നീക്കം ചെയ്യാനും മരവിപ്പിച്ച കോടിക്കണക്കിന് ഡോളറിന്റെ ഇറാന്‍ ഫണ്ട് വിട്ടുനല്‍കാനും ധാരണയായി. ഇതിന് പുറമെ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിന് ഇരു രാജ്യങ്ങളും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി നീക്കം ചെയ്യും
