
സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീം ഉടൻ ജയിൽ മോചിതനാകും
കോഴിക്കോട്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക് സ്വദേശി അബ്ദുൽ റഹീം ഉടൻ ജയിൽ മോചിതനാകും. റഹീമിൻ്റെ ശിക്ഷാ കാലാവധി ഈ മാസം 20ന് അവസാനിക്കും. സൗദി ബാലനെ കൊലപ്പെടുത്തിയ കേസിലായിരുന്നു കോടതി റഹീമിന് വധശിക്ഷ വിധിച്ചത്. പിന്നീട് 34 കോടി രൂപ ദയാധനം സ്വീകരിച്ച് സൗദി കുടുംബം മാപ്പ് നൽകിയതോടെ കഴിഞ്ഞ ജൂലായ് രണ്ടിന് വധശിക്ഷ റദ്ദാക്കുകയായിരുന്നു.
തന്റെ സ്പോൺസറുടെ മകന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് റഹീം സൗദിയിൽ ജയിലിലായത്. 2006 നവംബറിലാണ് അബ്ദുൽ റഹീം അറസ്റ്റിലാകുന്നത്. 2012 ലാണ് വധശിക്ഷ വിധിച്ചത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട റഹീമിനെ രക്ഷിക്കാൻ ലോകമെമ്പാടുമുള്ള മലയാളികൾ കൈകോർത്തത് ചരിത്രമായിരുന്നു. സമാനതകളില്ലാത്ത മനുഷ്യസ്‌നേഹത്തിന്റെ അടയാളമായി 34 കോടി രൂപയാണ് ദയാധനമായി സമാഹരിച്ച് കോടതിയിൽ നൽകിയത്. ഇതേത്തുടർന്ന് കഴിഞ്ഞ വർഷം ജൂലൈയിൽ വധശിക്ഷ കോടതി റദ്ദാക്കി.
വധശിക്ഷ ഒഴിവാക്കിയെങ്കിലും ലഭിച്ച 20 വർഷത്തെ തടവ് ശിക്ഷ റഹീമിന് അനുഭവിക്കേണ്ടി വന്നു. ഈ കാലാവധി മെയ് മാസത്തോടെ അവസാനിക്കുകയാണ്. വരും ദിവസങ്ങളിൽ ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി റഹീം ബലിപെരുന്നാളിന് മുമ്പ് കോഴിക്കോട്ടെ തന്റെ വീട്ടിൽ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് കുടുംബവും നാട്ടുകാരും.
