ഓസ്‌ട്രേലിയയിലെ സോഷ്യൽ മീഡിയ നിരോധനം പാളുന്നു; നിയന്ത്രണങ്ങൾ വെട്ടിച്ച് കൗമാരക്കാർ; പ്രായ പരിശോധനയിൽ വൻ വീഴ്ച

0

മെൽബൺ: 16 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പൂർണമായും വിലക്കിക്കൊണ്ട് ലോകത്താദ്യമായി ഓസ്‌ട്രേലിയ നടപ്പിലാക്കിയ മാതൃകാപരമായ നിയമം പാളുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട്. 2025 ഡിസംബർ 10 ന് വലിയ ജനശ്രദ്ധയോടെ നിയമം പ്രാബല്യത്തിൽ വന്ന് അഞ്ച് മാസം പിന്നിടുമ്പോഴും രാജ്യത്തെ കൗമാരക്കാർ യാതൊരുവിധ തടസങ്ങളുമില്ലാതെ സോഷ്യൽ മീഡിയ ആപ്പുകൾ ഉപയോഗിക്കുന്നത് തുടരുകയാണ്. സാങ്കേതികമായ വൻ പോരായ്മകളും ലളിതമായ ലൂപ്പുകളിലൂടെ നിയന്ത്രണങ്ങൾ മറികടക്കാൻ സാധിക്കുന്നതുമാണ് ഈ നിയമത്തിന്റെ പരാജയത്തിന് പ്രധാന കാരണം.

നിയമം നിലവിൽ വന്നതോടെ മെൽബൺ സ്വദേശിയായ പതിനഞ്ചുകാരൻ റാംസെ ഡാഗ്ലിഷിന് തന്റെ സ്ഥിരം അക്കൗണ്ടായ യൂട്യൂബിൽ നിന്ന് വിലക്ക് നേരിട്ടിരുന്നു. എന്നാൽ പ്രൊഫൈലിലെ ജനന തീയതി മാറ്റി പ്രായം 19 എന്ന് നൽകിയതോടെ യൂട്യൂബ് യാതൊരുവിധ പരിശോധനയുമില്ലാതെ അക്കൗണ്ട് തിരികെ നൽകിയതായി റാംസെ വ്യക്തമാക്കുന്നു. പാസ്‌വേഡ് പോലും നൽകാതെ വെറും ഒരു മിനിറ്റുകൊണ്ട് ഈ നിയന്ത്രണം മറികടക്കാൻ കഴിഞ്ഞതായും അവൻ പറഞ്ഞു.

മറ്റൊരു സംഭവത്തിൽ പെർത്ത് സ്വദേശിയായ പതിനാലുകാരി എഡിസൺ ഗ്രാന്റ് തന്റെ സ്നാപ്ചാറ്റ് അക്കൗണ്ടിൽ പ്രായം തെളിയിക്കാൻ സെൽഫി ചിത്രം നൽകിയപ്പോൾ ആപ്പ് അത് സ്വീകരിക്കുകയും കുട്ടിക്ക് 16 വയസിന് മുകളിലാണെന്ന് തെറ്റായി സാക്ഷ്യപ്പെടുത്തുകയുമാണുണ്ടായത്. നിരോധനത്തിന് ശേഷവും തങ്ങൾക്ക് മുൻപത്തെപ്പോലെ തന്നെ സോഷ്യൽ മീഡിയ ഉപയോഗിക്കാൻ കഴിയുന്നുണ്ടെന്നാണ് ഭൂരിഭാഗം കുട്ടികളും സാക്ഷ്യപ്പെടുത്തുന്നത്.

ഓസ്‌ട്രേലിയയിലെ മൂന്ന് പ്രമുഖ സർവ്വകലാശാലകളിലെ ഗവേഷകർ മെയ് 18 ന് പുറത്തുവിട്ട സംയുക്ത പഠന റിപ്പോർട്ട് സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്നതാണ്. 10 വയസും അതിനു മുകളിലുമുള്ള 1,027 പേരിൽ നടത്തിയ സർവേയിൽ 61 ശതമാനം കുട്ടികളും തങ്ങളെ ഈ നിരോധനം ഒട്ടും ബാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. വെറും 26 ശതമാനം കുട്ടികളെ മാത്രമാണ് നിരോധനം ഏതെങ്കിലും രീതിയിൽ സ്വാധീനിച്ചത്.

കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യൽ എന്നിവയിൽ നിന്ന് കൗമാരക്കാരെ സംരക്ഷിക്കാനും അവരുടെ മാനസികാരോഗ്യം സുരക്ഷിതമാക്കാനുമാണ് പ്രധാനമന്ത്രി ആന്റണി അൽബനീസിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഈ കടുത്ത നിയമം കൊണ്ടുവന്നത്

You might also like