
ലഹരിക്കെതിരെ ജമ്മു കാശ്മീരില്‍ അസാധാരണ നടപടി; 116 പേരുടെ പാസ്പോര്‍ട്ട് റദ്ദാക്കാന്‍ ശുപാര്‍ശ
ശ്രീനഗര്‍: മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ടവരുടെ പാസ്പോര്‍ട്ടുകള്‍ റദ്ദാക്കാന്‍ ജമ്മു കാശ്മീര്‍ ഭരണകൂടം. പിടിക്കപ്പെട്ട 116 ഓളം പേരുടെ പാസ്പോര്‍ട്ടുകള്‍ റദ്ദാക്കാനാണ് ആഭ്യന്തര വകുപ്പ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ശുപാര്‍ശയില്‍ ഉള്‍പ്പെട്ടവരില്‍ 94 പേര്‍ ജമ്മു സ്വദേശികളും 22 പേര്‍ കാശ്മീര്‍ താഴ്‌വരയില്‍ നിന്നുള്ളവരുമാണ്.
ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ആരംഭിച്ച ‘നശാ മുക്ത് ജമ്മു കാശ്മീര്‍’ (ലഹരിവിമുക്ത ജമ്മു കാശ്മീര്‍) ക്യാമ്പയിന്റെ ഭാഗമായാണ് നടപടി. ഏപ്രില്‍ 11 ന് ആരംഭിച്ച് 100 ദിവസത്തെ തീവ്ര യജ്ഞമായി മുന്നേറുന്ന ക്യാമ്പയിന്റെ ഭാഗമായി കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ മാത്രം വലിയ നിയമനടപടികളാണ് താഴ്‌വരയില്‍ സ്വീകരിച്ചത്. വിവിധ ഇടങ്ങളിലായി 797 മയക്കുമരുന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 890 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ലഹരിക്കടത്തിലൂടെയും കള്ളപ്പണത്തിലൂടെയും സമ്പാദിച്ചുവെന്ന് കണ്ടെത്തിയ 81 ആഡംബര കെട്ടിടങ്ങള്‍ ഭരണകൂടം ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു.
കൂടാതെ കടത്തുകാര്‍ ഉപയോഗിച്ച 600 ലധികം വാഹനങ്ങളുടെ രജിസ്‌ട്രേഷനും 450 ലേറെ ഡ്രൈവിങ് ലൈസന്‍സുകളും റദ്ദാക്കാന്‍ ശുപാര്‍ശ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തെക്കന്‍ കാശ്മീരിലെ ഷോപ്പിയാനില്‍ സംഘടിപ്പിച്ച ബഹുജന പദയാത്രയ്ക്ക് മനോജ് സിന്‍ഹ നേരിട്ട് നേതൃത്വം നല്‍കിയിരുന്നു. അന്‍പതിനായിരത്തോളം ആളുകള്‍ പങ്കെടുത്ത പദയാത്രയില്‍ നാര്‍ക്കോ-ടെററിസത്തിനെതിരെ അദേഹം ശക്തമായ മുന്നറിയിപ്പ് നല്‍കി
