കൊവിഡ് ബാധിച്ച് മരിച്ച ഹിന്ദുമത വിശ്വാസിക്ക് സംസ്‌കാരത്തിനുള്ള സ്ഥലവും സൗകര്യങ്ങളും നല്‍കി: എടത്വ പള്ളി

0

ആലപ്പുഴ: കൊവിഡ് ബാധിച്ച് മരിച്ച ഹിന്ദുമത വിശ്വാസിക്ക് സംസ്‌കാരത്തിനുള്ള സ്ഥലവും സൗകര്യങ്ങളും നല്‍കി എടത്വ സെന്റ് ജോര്‍ജ്ജ് ഫോറോനാ പള്ളി അധികൃതര്‍. കോയില്‍മുക്ക് പുത്തന്‍പുരയില്‍ ശ്രീനിവാസന്റെ (86) മൃതദേഹമാണ് കനത്തമഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ട് കാരണം വീട്ടുവളപ്പില്‍ സംസ്‌കരിക്കാന്‍ സാധിക്കാഞ്ഞത്.

ഗ്രാമപഞ്ചായത്ത് അംഗം ബാബു മണ്ണാത്തുരുത്തില്‍ എടത്വ സെന്റ് ജോര്‍ജ് ഫൊറോനാപള്ളി വികാരി ഫാ. മാത്യൂ ചൂരവടിയെ ഇവരുടെ ബുദ്ധിമുട്ടുകള്‍ അറിയിക്കുകയും ഉടനെ തന്നെ കൈക്കാരന്‍മാരും പാരിഷ് കമ്മിറ്റി അംഗങ്ങളുമായി ആലോചിച്ച് മൃതസംസ്‌ക്കാരം പള്ളിയില്‍ നടത്താന്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്ത് നല്‍കുകയായിരുന്നു.

സാമൂഹ്യ പ്രവര്‍ത്തകരായ വിപിന്‍ ഉണ്ണികൃഷ്ണന്‍, ജെഫിന്‍, ബിബിന്‍ മാത്യു, ജിജോ ഫിലിപ്പ് എന്നിവരാണ് പിപിഇ കിറ്റ് അണിഞ്ഞ് മൃതദേഹം സംസ്‌കരിച്ചത്. വികാരി ഫാ. മാത്യൂ ചൂരവടി, കൈക്കാരന്‍ കെ.എം. മാത്യൂ തകഴിയില്‍, ബില്‍ബി മാത്യൂ കണ്ടത്തില്‍, സാജു മാത്യൂ കൊച്ചുപുരക്കല്‍, സാബു ഏറാട്ട്, മണിയപ്പന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീജിന്‍, ദിലീപ്, റ്റിന്റു എന്നിവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്‌കാരത്തിന് നേതൃത്വം നല്‍കി.

ദക്ഷിണേന്ത്യയിലെ പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമായ എടത്വ സെന്റ് ജോര്‍ജ്ജ് ഫൊറോനാപള്ളി ഇത്തവണ തിരുനാള്‍ ഉപേക്ഷിച്ച് മാതൃക കാട്ടിയിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ 212 വര്‍ഷത്തിനിടയില്‍ ആദ്യമായിട്ടായിരുന്നു തിരുനാള്‍ ഉപേക്ഷിച്ചത്.

You might also like