ജര്‍മ്മനി വഴി യാത്ര ചെയ്യാന്‍ ഇനി ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ വേണ്ട; പുതിയ ഇളവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍

0

ന്യൂഡല്‍ഹി: അന്താരാഷ്ട്ര യാത്ര നടത്തുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് ആശ്വാസമായി ജര്‍മ്മനിയുടെ നിര്‍ണായക പ്രഖ്യാപനം. ജര്‍മ്മന്‍ വിമാനത്താവളങ്ങള്‍ വഴി മറ്റ് ഷെങ്കന്‍ ഇതര രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് ഇനി മുതല്‍ എയര്‍പോര്‍ട്ട് ട്രാന്‍സിറ്റ് വിസ ആവശ്യമില്ല. ഡല്‍ഹിയിലെ ജര്‍മ്മന്‍ എംബസിയാണ് ചൊവ്വാഴ്ച ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

പുതിയ തീരുമാനം ജൂണ്‍ മൂന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇന്ത്യയുമായുള്ള സമ്പര്‍ക്കം സുഗമമാക്കുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക-നയതന്ത്ര ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിനും ഈ തീരുമാനം കാരണമാകുമെന്ന് ജര്‍മ്മന്‍ എംബസി പ്രസ്താവനയില്‍ വ്യക്തമാക്കി.

യാത്രാ നിയമങ്ങള്‍ ലഘൂകരിക്കുന്നതിനും ഇന്ത്യയുമായുള്ള നയതന്ത്ര-സാമ്പത്തിക ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാക്കുന്നതിനുമുള്ള ജര്‍മ്മന്‍ സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. ഈ വര്‍ഷം ജനുവരിയില്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ് ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ചാന്‍സലര്‍ പദവി ഏറ്റെടുത്ത ശേഷമുള്ള അദേഹത്തിന്റെ ആദ്യ ഔദ്യോഗിക ഇന്ത്യാ സന്ദര്‍ശനവും ആദ്യ ഏഷ്യന്‍ പര്യടനവുമായിരുന്നു അത്. അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി നടത്തിയ കൂടിക്കാഴ്ചയിലെ തീരുമാനങ്ങളുടെ തുടര്‍ച്ചയായാണ് ഇപ്പോള്‍ ട്രാന്‍സിറ്റ് വിസ ഒഴിവാക്കിക്കൊണ്ടുള്ള ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ജര്‍മ്മനിയുടെ ഫെഡറല്‍ ലോ ഗസറ്റില്‍ ജൂണ്‍ രണ്ടിന് ഇത് സംബന്ധിച്ച ഉത്തരവ് പ്രസിദ്ധീകരിച്ചു

You might also like