
ആഫ്രിക്കയില്‍ എബോള ഭീതി: യാത്രാ മുന്‍കരുതലുമായി യുഎഇ; വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്ന് ആരോഗ്യ മന്ത്രാലയം
ദുബായ്: കോംഗോ ഉള്‍പ്പെടെയുള്ള ചില ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എബോള രോഗബാധ വീണ്ടും റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്കായി കടുത്ത ജാഗ്രതാ നിര്‍ദേശങ്ങളുമായി യുഎഇ ആരോഗ്യ അധികൃതര്‍. രോഗ വ്യാപനവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ വഴി പടരുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കര്‍ശന മുന്നറിയിപ്പാണ് രാജ്യം നല്‍കിയിട്ടുള്ളത്.
യുഎഇ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയും ആരോഗ്യ പ്രതിരോധ മന്ത്രാലയവും സംയുക്തമായാണ് പൊതുജനങ്ങള്‍ക്കായി പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. നിലവില്‍ യുഎഇയിലെ പൊതുജനാരോഗ്യ സാഹചര്യം പൂര്‍ണമായും സുരക്ഷിതവും നിയന്ത്രണ വിധേയവുമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
മുന്‍കരുതലിന്റെ ഭാഗമായി, എബോള ബാധിത പ്രദേശങ്ങളായ ഉഗാണ്ട, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, സൗത്ത് സുഡാന്‍ എന്നി മൂന്ന് രാജ്യങ്ങളിലേക്ക് അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെയുള്ള യാത്രകള്‍ ഒഴിവാക്കാന്‍ മന്ത്രാലയം സ്വദേശികളോടും പ്രവാസികളോടും കര്‍ശനമായി നിര്‍ദേശിച്ചു. ഈ രാജ്യങ്ങളില്‍ നിലവിലുള്ള യുഎഇ പൗരന്മാര്‍ പ്രാദേശിക ആരോഗ്യ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അടിയന്തിര സാഹചര്യങ്ങളില്‍ സഹായത്തിനായി ത്വാജുദി സര്‍വീസില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും വിദേശകാര്യ മന്ത്രാലയം ഓര്‍മ്മിപ്പിച്ചു
