
ചെങ്കടലില്‍ ഇന്ത്യന്‍ ചരക്കുകപ്പലിന് നേരെ ആക്രമണം: 13 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 14 നാവികരെ രക്ഷപ്പെടുത്തി
സനാ: ചെങ്കടലില്‍ ഇന്ത്യന്‍ പതാക വഹിച്ചെത്തിയ ചരക്കുകപ്പലിന് നേരെ ഹൂതി വിമത സ്വാധീന മേഖലയില്‍ വച്ച് രൂക്ഷമായ ആക്രമണം. ആക്രമണത്തില്‍ ഗുരുതരമായി കേടുപാടുകള്‍ സംഭവിച്ച എംഎസ്വി ഫൈസെ നൂര്‍ ഒലിയ എന്ന ഇന്ത്യന്‍ കപ്പല്‍ പൂര്‍ണമായി സമുദ്രത്തില്‍ മുങ്ങി. യമന്റെ പടിഞ്ഞാറന്‍ തീരത്ത് ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള ഹുദൈദ നഗരത്തിന് 13 നോട്ടിക്കല്‍ മൈല്‍ തെക്കുമാറിയാണ് ആക്രമണം നടന്നത്.
അപകടത്തില്‍പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 13 ഇന്ത്യക്കാര്‍ അടക്കം 14 ജീവനക്കാരെയും യമന്‍ നാഷണല്‍ റെസിസ്റ്റന്‍സ് ഫോഴ്സിന്റെ കോസ്റ്റ് ഗാര്‍ഡും നേവി യൂണിറ്റും ചേര്‍ന്ന് നടത്തിയ സംയുക്ത തെരച്ചിലില്‍ സുരക്ഷിതമായി കരയ്ക്കെത്തിച്ചു. രക്ഷപ്പെടുത്തിയ ജീവനക്കാര്‍ക്ക് ആവശ്യമായ പ്രാഥമിക ചികിത്സയും പരിചരണവും ലഭ്യമാക്കിയതായി യമന്‍ സൈനിക വൃത്തങ്ങള്‍ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
പ്രതിരോധശേഷിയില്ലാത്ത സാധാരണ ചരക്കുകപ്പലിന് നേരെ നടന്ന പ്രകോപനപരമായ ആക്രമണത്തെ ഇന്ത്യ ശക്തമായ ഭാഷയില്‍ അപലപിച്ചു. സംഭവം അതീവ ഗൗരവത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ കാണുന്നതെന്ന് വ്യക്തമാക്കിയ കേന്ദ്ര ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍, ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്ന് വ്യക്തമാക്കി. ഡിജിറ്റല്‍ മാധ്യമത്തിലൂടെ പ്രതികരിച്ച അദേഹം, രക്ഷപ്പെട്ട നാവികരുടെ സുരക്ഷയും തുടര്‍ നടപടികളും ഏകോപിപ്പിക്കുന്നതിനായി ഡയറക്ടര്‍ ജനറല്‍ മാരിടൈം അഡ്മിനിസ്‌ട്രേഷന് അടിയന്തര നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വിവിധ അന്താരാഷ്ട്ര ഏജന്‍സികളുമായി ചേര്‍ന്ന് സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും വ്യക്തമാക്കി
