
എയര്‍ ഇന്ത്യ വിമാനം ശക്തമായ ആകാശച്ചുഴിയില്‍ പെട്ടു: 12 പേര്‍ക്ക് പരുക്ക്
ന്യൂഡല്‍ഹി: ഫുക്കറ്റില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരികയായിരുന്ന എയര്‍ ഇന്ത്യ വിമാനം പറക്കലിനിടെ ശക്തമായ ആകാശച്ചുഴിയില്‍ പെട്ട് രണ്ട് ക്രൂ അംഗങ്ങള്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് പരിക്കേറ്റു. 134 യാത്രക്കാരുമായി പറന്ന AI379 ബോയിങ് വിമാനം പിന്നീട് ഡല്‍ഹിയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. യാത്രക്കാരുടെ പരുക്ക് ഗുരുതരമല്ലെന്ന് എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു.
ഏകദേശം 300 അടി ഉയരത്തില്‍ വച്ച് പെട്ടെന്നുണ്ടായ വായുമര്‍ദ വ്യതിയാനത്തെ തുടര്‍ന്ന് വിമാനം താഴേക്ക് പതിക്കുന്ന അനുഭവമാണ് ഉണ്ടാകുന്നത്. ശക്തമായ കുലുക്കത്തില്‍ സീറ്റ് ബെല്‍റ്റ് ഇടാതിരുന്ന ചില യാത്രക്കാരുടെ തല വിമാനത്തിന്റെ മുകള്‍ ഭാഗത്ത് ഇടിക്കുകയും ശരീരത്തില്‍ ചതവുകള്‍ ഏല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ വിമാനത്തിന്റെ ഉള്‍ഭാഗത്തിന് ചെറിയ തോതില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
ഡല്‍ഹിയില്‍ എയര്‍പോര്‍ട്ടില്‍ ഇറക്കിയ ഉടന്‍ തന്നെ പരിക്കേറ്റവര്‍ക്ക് ആവശ്യമായ പ്രഥമ ശുശ്രൂഷയും മെഡിക്കല്‍ സഹായവും ലഭ്യമാക്കിയതായി അധികൃതര്‍ അറിയിച്ചു. വായു പ്രവാഹത്തിലുണ്ടാകുന്ന പെട്ടെന്നുള്ള വ്യതിയാനമാണ് ഇത്തരം ആകാശച്ചുഴികള്‍ക്ക് കാരണമാകുന്നത്. ഭയജനകമായ അനുഭവമായിരുന്നെങ്കിലും പൈലറ്റുമാരുടെ സമയോചിതമായ ഇടപെടല്‍ വലിയൊരു ദുരന്തം ഒഴിവാക്കുകയായിരുന്നു
