
കാലവർഷക്കെടുതി: ദുരിതബാധിതർക്കായി വിപുലമായ സഹായപാക്കേജിന് മന്ത്രിസഭ അംഗീകാരം നൽകി
തിരുവനന്തപുരം: സംസ്ഥാനത്തെ കാലവർഷക്കെടുതിയുടെ പശ്ചാത്തലത്തിൽ ദുരിതബാധിതർക്കായി വിപുലമായ സഹായപാക്കേജിന് മന്ത്രിസഭ അംഗീകാരം നൽകി. വെള്ളം കയറിയ എല്ലാ വീടുകൾക്കും 10,000 രൂപ ധനസഹായം നൽകാനും, മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കാനുമാണ് തീരുമാനം.
മുഖ്യമന്ത്രി വി.ഡി സതീശൻ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം സംസ്ഥാനത്തെ മഴക്കെടുതിയുടെ അവലോകനം നടത്തി. നിലവിൽ സംസ്ഥാനത്ത് 462 ദുരിതാശ്വാസ ക്യാമ്പുകളിലായി 2,748 പേരാണ് കഴിയുന്നത്. പത്തനംതിട്ടയിൽ 157, കോട്ടയത്ത് 154, ആലപ്പുഴയിൽ 81 ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്.
ഇതുവരെ മഴക്കെടുതിയിൽ 26 പേർ മരിക്കുകയും 11 പേർക്ക് പരിക്കേൽക്കുകയും നാല് പേരെ കാണാതാകുകയും ചെയ്തു. 1,882 ഹെക്ടർ കൃഷിയിടം നശിച്ചതോടെ 23,537 കർഷകർക്ക് തിരിച്ചടിയായി. പ്രാഥമിക കണക്കുകൾ പ്രകാരം 67.44 കോടി രൂപയുടെ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മന്ത്രിസഭയുടെ പ്രധാന തീരുമാനങ്ങൾ:
മരിച്ചവരുടെ കുടുംബങ്ങൾക്ക് ആകെ 8 ലക്ഷം രൂപ ധനസഹായം (4 ലക്ഷം എസ്.ഡി.ആർ.എഫ്, 2 ലക്ഷം സി.എം.ഡി.ആർ.എഫ്, 2 ലക്ഷം പി.എം.എൻ.ആർ.എഫ്).
വീട്ടിൽ വെള്ളം കയറിയ എല്ലാ കുടുംബങ്ങൾക്കും 10,000 രൂപ ധനസഹായം. ദുരിതാശ്വാസ ക്യാമ്പിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമല്ല, വില്ലേജ് ഓഫീസറുടെ റിപ്പോർട്ട് അടിസ്ഥാനത്തിൽ വെള്ളം കയറിയ എല്ലാ വീടുകൾക്കും സഹായം ലഭിക്കും.
മരിച്ചവരുടെ സംസ്കാരച്ചെലവിനായി 10,000 രൂപ അനുവദിച്ചു.
പൂർണമായി തകർന്ന വീടുകൾക്കുള്ള ധനസഹായം 4 ലക്ഷത്തിൽ നിന്ന് 6 ലക്ഷമായി വർധിപ്പിച്ചു.
വീടും സ്ഥലവും പൂർണമായി നഷ്ടപ്പെട്ടവർക്ക് സ്ഥലം വാങ്ങാനും വീട് നിർമിക്കാനുമുള്ള സഹായം 10 ലക്ഷത്തിൽ നിന്ന് 12 ലക്ഷമായി ഉയർത്തി.
ഓരോ റേഷൻ കാർഡിലുമുള്ള രണ്ട് പേർക്ക് വീതം പ്രതിദിനം 300 രൂപ നൽകും.
സ്വന്തം വീടുകളിലേക്ക് മടങ്ങാൻ കഴിയാത്തവർക്ക് പുതിയ വീട് തയ്യാറാകുന്നതുവരെ വാടകച്ചെലവും സർക്കാർ വഹിക്കും.
