ഇന്‍സ്റ്റാഗ്രാമില്‍ രണ്ട് മില്യണ്‍ (20 ലക്ഷം) ഫോളോവേഴ്സ് എന്ന ചരിത്ര നേട്ടത്തിലേക്ക് ചുവടുവെച്ച് കേരള പൊലീസ്.

0

തിരുവനന്തപുരം: ഇന്‍സ്റ്റാഗ്രാമില്‍ രണ്ട് മില്യണ്‍ (20 ലക്ഷം) ഫോളോവേഴ്സ് എന്ന ചരിത്ര നേട്ടത്തിലേക്ക് ചുവടുവെച്ച് കേരള പൊലീസ്. ലോകത്തിലെ തന്നെ ഒരു സംസ്ഥാന പൊലീസിന്റെ ഇന്‍സ്റ്റാഗ്രാം പേജിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ഫോളോവേഴ്സ് എണ്ണമാണിത്. ഇതോടെ സോഷ്യല്‍ മീഡിയ സാന്നിധ്യത്തില്‍ ലോക റെക്കോര്‍ഡ് സ്വന്തമാക്കാന്‍ കേരള പൊലീസിന് സാധിച്ചു.

നര്‍മ്മത്തില്‍ ചാലിച്ച ബോധവല്‍ക്കരണ വീഡിയോകളിലൂടെയും ട്രോളുകളിലൂടെയുമാണ് കേരള പൊലീസ് ഇന്‍സ്റ്റാഗ്രാമില്‍ ജനപ്രിയമായത്. സുരക്ഷാ സന്ദേശങ്ങളും സൈബര്‍ ബോധവല്‍ക്കരണങ്ങളും കൃത്യ സമയത്ത് ലളിതമായി ജനങ്ങളിലേക്ക് എത്തിക്കാന്‍ സോഷ്യല്‍ മീഡിയ സെല്ലിന്റെ സര്‍ഗാത്മകമായ ഇടപെടലുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

ഈ ചരിത്ര നേട്ടത്തില്‍ പിന്തുണച്ച എല്ലാ മലയാളികള്‍ക്കും കേരള പൊലീസ് ഫെയ്സ്ബുക്ക് പേജിലൂടെ നന്ദി അറിയിച്ചു. ജനങ്ങള്‍ നല്‍കിയ പ്രോത്സാഹനവും നിര്‍ദേശങ്ങളുമാണ് ഈ വന്‍ വിജയത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. പിഴവുകള്‍ ചൂണ്ടിക്കാണിച്ചും അഭിനന്ദനങ്ങള്‍ അറിയിച്ചും കൂടെ നിന്ന എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നതോടൊപ്പം, ഈ പിന്തുണ തുടര്‍ന്നും ഉണ്ടാകണമെന്ന് അവര്‍ അഭ്യര്‍ഥിച്ചു.

പൊലീസിന്റെ ഫെയ്സബുക്ക് പോസറ്റിന്റെ പൂര്‍ണ രൂപം:

ഇത് നിങ്ങളുടെ നേട്ടം

ലോകത്തിലെ സംസ്ഥാന പൊലീസ് ഇന്‍സ്റ്റാഗ്രാം പേജുകളില്‍ ആദ്യമായി 2 മില്യണ്‍ ഫോളോവേഴ്സ് എന്ന ലോകറെക്കോര്‍ഡ് കൈവരിച്ചിരിക്കുകയാണ് നമ്മള്‍. ഇത് ഞങ്ങളോടൊപ്പം സഞ്ചരിക്കുന്ന പ്രിയപ്പെട്ടവരോരുത്തരുടേയും വിജയമാണ്.

നര്‍മ്മത്തിലൂടെയും ചിന്തയിലൂടെയും, സമയോചിതമായ ബോധവല്‍ക്കരണങ്ങളിലൂടെയും സുരക്ഷാ സന്ദേശങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനാണ് കേരള പൊലീസ് സമൂഹ മാധ്യമങ്ങള്‍ ഉപയോഗിച്ച് വരുന്നത്. ആ യാത്രയില്‍ ഞങ്ങളെ പ്രോത്സാഹിപ്പിച്ചും നിര്‍ദേശങ്ങള്‍ നല്‍കിയുമാണ് നിങ്ങള്‍ ഓരോരുത്തരും ഈ കുടുംബത്തിന്റെ ഭാഗമായത്. ഞങ്ങളുടെ പരിശ്രമങ്ങളെ അഭിനന്ദിക്കുകയും പിഴവുകള്‍ ചൂണ്ടിക്കാട്ടി കൂടുതല്‍ മെച്ചപ്പെടാന്‍ സഹായിക്കുകയും ചെയ്ത എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. ഈ സ്നേഹവും പിന്തുണയും എന്നും കൂടെയുണ്ടാകണം. സുരക്ഷിതമായ സമൂഹത്തിനായി ഒരുമിച്ച് മുന്നോട്ട്..

You might also like