താങ്ക്സ്‌ഗിവിങ് യാത്രാ തിരക്കിനിടെ ഒഹെയർ വിമാനത്താവളത്തിൽ റഡാർ തകരാർ; നൂറുകണക്കിന് വിമാന സർവീസുകൾ തടസ്സപ്പെട്ടു

0

ചിക്കാഗോ: അമേരിക്കയിൽ താങ്ക്സ്‌ഗിവിങ് അവധിക്കാല യാത്രകൾ ഏറ്റവും തിരക്കേറിയ ഘട്ടത്തിലേക്ക് കടക്കുന്നതിനിടെ ചിക്കാഗോ ഒഹെയർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഗ്രൗണ്ട് റഡാർ സംവിധാനത്തിനുണ്ടായ സാങ്കേതിക തകരാർ വിമാന സർവീസുകളെ സാരമായി ബാധിച്ചു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.15ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ (FAA) പ്രഖ്യാപിച്ച ഗ്രൗണ്ട് സ്റ്റോപ്പ് വൈകിട്ട് നാലുമണിയോടെയാണ് പിൻവലിച്ചത്. എന്നിരുന്നാലും വിമാന സർവീസുകളിലെ കാലതാമസം തുടർന്നു.

ഫ്ലൈറ്റ്‌അവെയറിന്റെ കണക്കനുസരിച്ച് ചൊവ്വാഴ്ച ഒഹെയറിൽ 373 വിമാന സർവീസുകൾ വൈകി. ശരാശരി 47 മിനിറ്റാണ് കാലതാമസം രേഖപ്പെടുത്തിയത്.വിമാനത്താവളത്തിലെ റൺവേകളിലും ടാക്സിവേകളിലും വിമാനങ്ങളുടെയുംവാഹനങ്ങളുടെയും നീക്കം നിരീക്ഷിക്കുന്ന ASDE-X റഡാർ സംവിധാനത്തിനാണ് തകരാർ സംഭവിച്ചത്.

തുടർച്ചയായ രണ്ടാം ദിവസമാണ് ഒഹെയറിൽ ഗ്രൗണ്ട് സ്റ്റോപ്പ് പ്രഖ്യാപിക്കുന്നത്. തിങ്കളാഴ്ച എയർ ട്രാഫിക് കൺട്രോൾ വിഭാഗത്തിലെ ജീവനക്കാരുടെ കുറവിനെത്തുടർന്നും വിമാന സർവീസുകൾക്ക് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

അതേസമയം, നവംബർ 24 മുതൽ 30 വരെയുള്ള ഏഴുദിവസങ്ങളിൽ ചിക്കാഗോയിലെ ഒഹെയർ, മിഡ്‌വേ വിമാനത്താവളങ്ങളിലൂടെ 20.2 ലക്ഷം യാത്രക്കാർ കടന്നുപോകുമെന്നാണ് ചിക്കാഗോ വ്യോമയാന വകുപ്പിന്റെ കണക്കുകൂട്ടൽ.

You might also like