ഈജിപ്തിൽ ടാങ്കര്‍ ലോറി മറിഞ്ഞുണ്ടായ തീ പിടിത്തത്തില്‍ മുപ്പതിലേറെപ്പേര്‍ മരിച്ചു

0

ഈജിപ്തിലെ കയ്റോയ്ക്ക് സമീപം ടാങ്കര്‍ ലോറി മറിഞ്ഞുണ്ടായ തീ പിടിത്തത്തില്‍ മുപ്പതിലേറെപ്പേര്‍ മരിച്ചു. 15 പേര്‍ക്ക് പരുക്കേറ്റു. 27 വാഹനങ്ങള്‍ അഗ്നിക്കിരയായതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇംബാഹ്ബു ജില്ലയിലെ സുപ്രധാന റിങ് റോഡിലാണ് അപകടം ഉണ്ടായത്. പെട്രോളിയം സാധനങ്ങളുമായി പോയ ലോറിയാണ് മറിഞ്ഞത്.

പരുക്കേറ്റവരുടെ എണ്ണം ഇനിയും ഉയര്‍ന്നേക്കാമെന്ന് അധികൃതര്‍ പറയുന്നു. മരിച്ചവരെ തിരിച്ചറിയുന്നതിനായി ഡിഎന്‍എ സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു.

അപകടത്തില്‍ ഈജ്പ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താ അല്‍ സിസി അനുശോചിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങവുടെ വേദനയില്‍ പങ്കുചേരുന്നുവെന്നും സര്‍ക്കാര്‍ കൂടെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പരുക്കേറ്റവര്‍ക്ക് മികച്ച ചികില്‍സ നല്‍കാനും അദ്ദേഹം അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. അപകടത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് പ്രധാനമന്ത്രി മുസ്തഫ മാദ്ബുലിയും പറഞ്ഞു. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കുറേക്കൂടി സുരക്ഷിതമായി കൊണ്ടുപോകാനുള്ള മാര്‍ഗങ്ങള്‍ ഉണ്ടാവണമെന്നും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കി.

You might also like