ഉക്രെയ്ൻ യുദ്ധം: റഷ്യയ്ക്ക് നഷ്ടമായത് 4.9 ലക്ഷത്തിലധികം സൈനികർ; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

0

മോസ്കോ: ഉക്രെയ്ൻ അധിനിവേശം അഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോൾ റഷ്യയ്ക്ക് നഷ്ടമായത് ഏകദേശം അഞ്ച് ലക്ഷത്തോളം സൈനികരെന്ന് വെളിപ്പെടുത്തുന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്.

റഷ്യയുടെ ഔദ്യോഗിക സ്ഥിതിവിവര ഏജൻസിയായ ‘റോസ്‌സ്റ്റാറ്റിന്റെ’ ചോർന്ന മരണരേഖകൾ വിശകലനം ചെയ്തതിലൂടെയാണ് യുദ്ധത്തിലെ കനത്ത ആൾനഷ്ടം വ്യക്തമായത്. ബിബിസി റഷ്യൻ സർവീസും സ്വതന്ത്ര മാധ്യമമായ മീഡിയസോണയും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഈ കണക്കുകൾ പുറത്തുവന്നത്.

​2022 ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ചതുമുതൽ 2026 സെപ്റ്റംബർ അവസാനം വരെയുള്ള കാലയളവിൽ കുറഞ്ഞത് 4,90,334 റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായി രേഖകൾ സ്ഥിരീകരിക്കുന്നു. എന്നാൽ കാണാതായവരെയും ഔദ്യോഗികമായി രജിസ്റ്റർ ചെയ്യപ്പെടാത്ത മരണങ്ങളെയും കൂടി ഉൾപ്പെടുത്തിയാൽ യഥാർത്ഥ മരണസംഖ്യ ഏഴ് ലക്ഷം കടക്കുമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.

​ഏതാനും ദിവസങ്ങൾക്കുള്ളിൽ യുദ്ധം അവസാനിപ്പിക്കാമെന്ന റഷ്യയുടെ പ്രതീക്ഷകൾ തെറ്റിച്ച് പോരാട്ടം നാലു വർഷവും ഒമ്പത് മാസവും പിന്നിടുമ്പോൾ, രാജ്യത്തെ ജനസംഖ്യാ ഘടനയെത്തന്നെ യുദ്ധം സാരമായി ബാധിച്ചിരിക്കുകയാണ്.

2025-ൽ റഷ്യയിൽ മരിച്ച 18-നും 24-നും ഇടയിൽ പ്രായമുള്ള യുവാക്കളിൽ 65 ശതമാനവും യുദ്ധഭൂമിയിലാണ് ജീവൻ വെടിഞ്ഞതെന്ന് രേഖകൾ വ്യക്തമാക്കുന്നു. 25 മുതൽ 34 വയസ്സുവരെയുള്ളവരുടെ മരണങ്ങളിൽ 59 ശതമാനവും യുദ്ധം മൂലമാണ് സംഭവിച്ചത്. 45-നും 54-നും ഇടയിൽ പ്രായമുള്ളവരിൽ മാത്രമാണ് ഹൃദയസംബന്ധമായ അസുഖങ്ങൾ യുദ്ധത്തേക്കാൾ കൂടുതൽ മരണങ്ങൾക്ക് കാരണമായത്

You might also like