ജിദ്ദ ഉൾപ്പെടെയുള്ള സൗദി തുറമുഖങ്ങൾ ആക്രമിക്കുമെന്ന് ഹൂതി ഭീഷണി; യെമനിൽ സംഘർഷം രൂക്ഷം

0

സന: സൗദി അറേബ്യയിലെ ജിദ്ദ ഉൾപ്പെടെയുള്ള ചെങ്കടൽ തുറമുഖങ്ങൾ ആക്രമിക്കുമെന്ന് യെമനിലെ ഹൂതി വിമതർ ഭീഷണി മുഴക്കി. ഹൂതികളുടെ നിയന്ത്രണത്തിലുള്ള ഹൊദൈദ തുറമുഖത്തിന് നേരെ സൗദി സഖ്യസേന ആക്രമണം നടത്തിയാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി സൗദിയിലെ ചെങ്കടൽ തുറമുഖങ്ങളിലെ ജീവനക്കാരോടും സമീപവാസികളോടും ഒഴിഞ്ഞുപോകാനും കപ്പൽ കമ്പനികളോട് കപ്പലുകൾ മാറ്റാനും ഹൂതി സൈനിക വക്താവ് യഹ്യ സരീ ബുധനാഴ്ച ആവശ്യപ്പെട്ടു.

ഹൊദൈദയ്ക്ക് നേരെ സൗദി സൈനിക നടപടി ഉണ്ടായേക്കുമെന്ന ആശങ്കകൾക്കിടെയാണ് ഹൂതികളുടെ ഈ നീക്കം. ഇതിന് പിന്നാലെ ഹൊദൈദ തുറമുഖത്തിന് സമീപമുള്ള നിശ്ചിത പ്രദേശങ്ങളിൽ നിന്ന് സാധാരണക്കാർ ഒഴിഞ്ഞുപോകണമെന്ന് സൗദി സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി ആവശ്യപ്പെടുകയും  ഒഴിഞ്ഞുപോകേണ്ട മേഖല വ്യക്തമാക്കുന്ന ഭൂപടം പുറത്തുവിടുകയും ചെയ്തു.

തുടർന്ന് ഹൊദൈദയിലെ സൈനിക കേന്ദ്രങ്ങളെയും വടക്കൻ യെമനിലെ സഅദ, അംറാൻ പ്രവിശ്യകളിലെ ലക്ഷ്യങ്ങളെയും ആക്രമിച്ചതായി സഖ്യസേന അറിയിച്ചു. എന്നാൽ, ആക്രമണങ്ങളിലെ നാശനഷ്ടങ്ങളെയോ തുറമുഖത്തിന്റെ പ്രവർത്തനത്തെ ബാധിച്ച സാഹചര്യത്തെയോ കുറിച്ച് സ്വതന്ത്ര സ്ഥിരീകരണം ലഭ്യമായിട്ടില്ല. അതേസമയം, ജിദ്ദയിലോ സൗദിയിലെ മറ്റേതെങ്കിലും തുറമുഖങ്ങളിലോ ഹൂതികൾ ആക്രമണം നടത്തിയതായി ഇതുവരെ റിപ്പോർട്ടുകളില്ല

You might also like