ഇസ്രയേലിൽ നഫ്താലി ബെന്നറ്റ് അധികാരത്തിലേക്ക്; ഇതോടെ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ 12 വര്‍ഷത്തെ ഭരണത്തിന് അന്ത്യമാവും

ജറുസലേം: നഫ്താലി ബെന്നറ്റ് പുതിയ ഇസ്രായേല്‍ പ്രധാനമന്ത്രിയാവും. എട്ട് പ്രതിപക്ഷ കക്ഷികള്‍ ചേര്‍ന്ന് സഖ്യം രൂപീകരിച്ചതായി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി പദവി പങ്കിടാനാണ് തീരുമാനം. രണ്ടാം ടേമില്‍ യെര്‍ ലാപിഡ് പ്രധാനമന്ത്രിയാവും. സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയ്യാറാണെന്ന് ലാപിഡ് പ്രസിഡന്റിനെ അറിയിച്ചു. ഇതോടെ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ 12 വര്‍ഷത്തെ ഭരണത്തിന് അന്ത്യമാവും.
എല്ലാ ഇസ്രായേലി പൗരന്‍മാര്‍ക്കും വേണ്ടിയായിരിക്കും ഈ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുക. ഞങ്ങള്‍ക്ക് വോട്ട് ചെയ്തവരായാലും അല്ലെങ്കിലും ശരി. ഇസ്രായേലി ജനതയെ ഐക്യത്തോടെ കൊണ്ടുപോവാന്‍ ഞാന്‍ സാധ്യമായതെല്ലാം ചെയ്യും-ലാപിഡ് ട്വീറ്റ് ചെയ്തു.
മുന്‍ ടി.വി അവതാരകനായ ലാപിഡ് മതേതരവാദിയാണ്. എന്നാല്‍ ബെന്നറ്റ് തീവ്ര മത ദേശീയവാദിയും നേരത്തെ പ്രതിരേധ വകുപ്പിലടക്കം നിരവധി പദവികള്‍ വഹിച്ചിട്ടുള്ള വ്യക്തിയുമാണ്. പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് ഇസ്രായേല്‍ പാര്‍ലമെന്റായ നെസ്റ്റില്‍ ഭൂരിപക്ഷം തെളിയിക്കേണ്ടതുണ്ട്. ഏഴ് മുതല്‍ 12 ദിവസത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.