
വെല്ലുവിളികൾ നേരിടേണ്ടി വന്നാലും ധൈര്യപൂർവ്വം സ്നേഹിക്കണം: രോഗക്കിടക്കയിൽനിന്ന് വീണ്ടും മാർപാപ്പയുടെ ഞായറാഴ്ച സന്ദേശം
വത്തിക്കാൻ സിറ്റി: വിശ്വാസികൾക്കൊപ്പം ത്രികാലപ്രാർഥനയിൽ പങ്കെടുക്കാൻ സാധിച്ചില്ലെങ്കിലും പതിവുള്ള ഞായറാഴ്ച സന്ദേശം മുടക്കാതെ ഫ്രാൻസിസ് മാർപാപ്പ. സാധാരണയായി, വത്തിക്കാനിലെ പേപ്പൽ വസതിയുടെ ബാൽക്കണിയിൽ നിന്നുകൊണ്ടാണ് മാർപാപ്പ ത്രികാല പ്രാർഥന നയിക്കുന്നതും വിശ്വാസികൾക്കായി സന്ദേശം നൽകുന്നതും.
എന്നാൽ, കഴിഞ്ഞ രണ്ടാഴ്ചയായി രോഗബാധിതനായി ആശുപത്രിയിൽ കഴിയുന്നതിനാൽ ഫ്രാൻസിസ് പാപ്പയ്ക്ക് മധ്യാഹ്ന പ്രാർഥനയിൽ വിശ്വാസികളോടൊപ്പം പങ്കെടുക്കുന്നതിനും സന്ദേശം നൽകുന്നതിനും സാധിച്ചിട്ടില്ല. റോമിലെ ജെമേല്ലി ഹോസ്പിറ്റലിലെ ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയാണുള്ളത്.
അതിനാൽ കഴിഞ്ഞയാഴ്ചയിലെപോലെ ഈയാഴ്ചയും, പരിശുദ്ധ പിതാവിന്റെ പ്രത്യേക അഭ്യർത്ഥനപ്രകാരം വത്തിക്കാൻ പ്രസ് ഓഫീസ് വിശ്വാസികൾക്കായുള്ള ഞായറാഴ്ചസന്ദേശം പ്രസിദ്ധീകരിക്കുകയായിരുന്നു.
സന്തോഷത്തോടും സ്നേഹത്തോടുംകൂടെ തങ്ങളുടെ ശുശ്രൂഷ തുടരാനുള്ള പ്രോത്സാഹനം ഡീക്കന്മാർക്ക് മാർപാപ്പ തന്റെ സന്ദേശത്തിലൂടെ നൽകി. തന്നെയും ആശുപത്രിയിലുള്ള എല്ലാ രോഗികളെയും പരിചരിക്കുന്ന ഡോക്ടർമാരോടും മറ്റ് ആരോഗ്യ പ്രവർത്തകരോടും പാപ്പ നന്ദി അറിയിക്കുകയും ചെയ്തു.
‘നിങ്ങളുടെ പ്രേഷിത പ്രവർത്തനം സന്തോഷത്തോടെ തുടരണമെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. ഇന്നത്തെ സുവിശേഷം സൂചിപ്പിക്കുന്നതുപോലെ, എല്ലാവരെയും ഉൾക്കൊള്ളുന്ന, തിന്മയെപ്പോലും നന്മയാക്കി മാറ്റുന്ന, സാഹോദര്യത്തിന്റെ ഒരു ലോകം കെട്ടിപ്പടുക്കുന്ന, സ്നേഹത്തിൻ്റെ അടയാളങ്ങളായി മാറണമെന്ന് നിങ്ങളോട് ഞാൻ ആവശ്യപ്പെടുന്നു’ – ഡീക്കന്മാരോടുള്ള ഈ അഭ്യർത്ഥനയോടെയാണ് പാപ്പായുടെ സന്ദേശം ആരംഭിക്കുന്നത്.
വത്തിക്കാനിൽ നടന്നുകൊണ്ടിരിക്കുന്ന ഡീക്കൻമാരുടെ ജൂബിലിയും അവർക്കായി ഞായറാഴ്ച രാവിലെ സെൻ്റ് പീറ്റേഴ്സ് ബസിലിക്കയിൽ പ്രത്യേകം അർപ്പിക്കപ്പെട്ട ദിവ്യബലിയും ഫ്രാൻസിസ് പാപ്പ അനുസ്മരിച്ചു. ജൂബിലി ആഘോഷങ്ങളിൽ പങ്കെടുത്ത എല്ലാ ഡീക്കന്മാരെയും താൻ അഭിവാദ്യം ചെയ്യുന്നതായി മാർപാപ്പ പറഞ്ഞു.
പരിപാടികളുടെ നടത്തിപ്പിനു മേൽനോട്ടം വഹിച്ച വൈദികർക്കും സുവിശേഷ വൽക്കരണത്തിനുമായുള്ള ഡിക്കാസ്റ്ററികളോട് പാപ്പാ നന്ദി പറഞ്ഞു. ‘പ്രിയ സഹോദരങ്ങളേ, വചനപ്രഘോഷണത്തിനും ജീവകാരുണ്യ പ്രവൃത്തികൾക്കുമായി സ്വയം സമർപ്പിച്ചവരാണ് നിങ്ങൾ.
വാക്കുകളിലൂടെയും പ്രവർത്തികളിലൂടെയും സഭയിൽ ശുശ്രൂഷ ചെയ്തുകൊണ്ട് ദൈവത്തിന്റെ സ്നേഹവും കരുണയും നിങ്ങൾ എല്ലാവരിലേക്കും എത്തിക്കുന്നു. വെല്ലുവിളികൾ നേരിടേണ്ടിവന്നാലും നിങ്ങൾ ധൈര്യപൂർവ്വം സ്നേഹിക്കണം’ – ഡീക്കന്മാരോട് മാർപാപ്പ ആഹ്വാനം ചെയ്തു.
ആത്മവിശ്വാസത്തോടെയാണ് താൻ ജെമേല്ലി പോളിക്ലിനിക്കിൽ തുടരുന്നതെന്നും ആവശ്യമായ ചികിത്സകളും, അതിൻ്റെ ഭാഗമായ വിശ്രമവും തനിക്ക് ലഭിക്കുന്നുണ്ടെന്നും പരിശുദ്ധ പിതാവ് കൂട്ടിച്ചേർത്തു. ആശുപത്രിയിലെ ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും തന്നോടും മറ്റു രോഗികളോടും കാണിക്കുന്ന കരുതലിനും നൽകുന്ന എല്ലാ പരിചരണങ്ങൾക്കും തനിക്കുള്ള ആത്മാർത്ഥമായ നന്ദി പാപ്പാ രേഖപ്പെടുത്തി