ക്രൈസ്തവ സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങൾ ഉന്നയിച്ച് അല്മായ നേതാക്കള്‍ മുഖ്യമന്ത്രിക്കു നിവേദനം നല്‍കി
കൊച്ചി: സീറോ മലബാര്‍ സഭ ഏകോപന സമിതിയിലെ അല്മായ നേതാക്കള്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് മുഖ്യമന്ത്രിക്കു നിവേദനം നല്‍കി. ക്രൈസ്തവ സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങളും പിന്നാക്കാവസ്ഥയും പരിഹരിക്കുന്നതിന് സര്‍ക്കാര്‍ നിശ്ചയിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്‍ പ്രവര്‍ത്തനസജ്ജമാകുന്നതിനും സൗകര്യമൊരുക്കണം, സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ക്ഷേമപദ്ധതികളും സ്കോളര്‍ഷിപ്പുകളും വിതരണം ചെയ്യുന്നതു സംബന്ധിച്ചുണ്ടായ ഹൈക്കോടതി വിധി അടിയന്തര പ്രാധാന്യത്തോടെ നടപ്പിലാക്കണം, ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ തുല്യനീതി ലഭ്യമാക്കും വിധം നല്‍കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു നിവേദനം നല്‍കിയത്.
സീറോ മലബാര്‍ സഭയിലെ കത്തോലിക്കാ കോണ്‍ഗ്രസ്, കുടുംബ കൂട്ടായ്മ, മാതൃവേദി, പിതൃവേദി, സീറോ മലബാര്‍ യൂത്ത് മൂവ്മെന്റ്കെസിവൈഎം, സിഎല്‍സി, അല്മായ ഫോറം, സെന്റ് വിന്‍സന്റ് ഡി പോള്‍ സൊസൈറ്റി, കെഎല്‍എം എന്നീ അല്മായ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലാണ് ഏകോപന സമിതി. നിവേദനത്തിലെ ആവശ്യങ്ങള്‍ അടിയന്തരമായി പരിഗണിക്കണമെന്ന് നേതാക്കളായ അഡ്വ. ബിജു പറയന്നിലം, ഡോ. ഡെയ്സന്‍ പാണേങ്ങാടന്‍, ജുബിന്‍ കോടിയാംകുന്നേല്‍ എന്നിവര്‍ ആവശ്യപ്പെട്ടു.