ലൂസി കളപ്പുരയുടെ അപ്പീല്‍ തള്ളി: പുറത്താക്കിയ നടപടി ശരിവെച്ച് വത്തിക്കാന്റെ പരമോന്നത കോടതി

0

വത്തിക്കാന്‍ സിറ്റി: സന്യാസ സമൂഹത്തിന്റെ നിയമങ്ങള്‍ കാറ്റില്‍പറത്തിക്കൊണ്ട് അച്ചടക്കലംഘനങ്ങളെ തുടര്‍ന്നു വിവാദത്തിലായ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസിനി സമൂഹ അംഗമായ ലൂസി കളപ്പുരയെ പുറത്താക്കിയ നടപടി ശരിവെച്ച് വത്തിക്കാന്‍. വിഷയത്തില്‍ വത്തിക്കാന്‍ നേരത്തെ സ്വീകരിച്ച നിലപാടില്‍ സിസ്റ്റര്‍ ലൂസി അപ്പീല്‍ നല്‍കുകയായിരിന്നു. എന്നാല്‍ ഇക്കഴിഞ്ഞ ദിവസം കത്തോലിക്കാ സഭയുടെ പരമോന്നത കോടതിയായ വത്തിക്കാനിലെ സിഞ്ഞത്തൂര പുറത്താക്കിയ നടപടി ശരിവെയ്ക്കുകയായിരിന്നു. ആലുവ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സഭ ജനറലേറ്റില്‍ നിന്ന് പ്രോവിന്‍ഷ്യാള്‍ സുപ്പീരിയർ ജനറൽ ആൻ ജോസഫ് ഇക്കാര്യം സ്ഥിരീകരിച്ചുക്കൊണ്ട് സഹസന്യസ്ഥര്‍ക്ക് കത്തയച്ചിട്ടുണ്ട്.

സിസ്റ്റര്‍ ലൂസി കളപ്പുരയെ ഗൗരവതരവും തുടര്‍ച്ചയായുമുള്ള അനുസരണ ദാരിദ്ര്യ വ്രതലംഘനം, ആവൃതി നിയമലംഘനം തുടങ്ങിയുള്ള സന്യാസസഭാനിയമങ്ങളുടെ ലംഘനങ്ങളും കാരണം ഏറെനാളായി നിയമനടപടി നേരിട്ടുവരികയായിരിന്നു. ഇതേ തുടര്‍ന്നു 2019 മേയ് 11ന് സന്യാസിനി സമൂഹത്തില്‍നിന്നു ഡിസ്മിസ് ചെയ്യുകയും ഈ തീരുമാനം വത്തിക്കാനിലെ പൗരസ്ത്യതിരുസംഘത്തിന് സമര്‍പ്പിക്കുകയും തിരുസംഘത്തിന്റെ അംഗീകാരത്തോടുകൂടി സിസ്റ്റര്‍ ലൂസിയെ അറിയിക്കുകയുമുണ്ടായി. സന്യാസ സമൂഹത്തില്‍നിന്നു പുറത്താക്കിയതിനെതിരേ ലൂസി പൗരസ്ത്യ സംഘത്തിന് അപ്പീല്‍ നല്‍കി. ഈ അപ്പീല്‍ വിശദമായ പഠനത്തിനുശേഷം 2019 സെപ്റ്റംബര്‍ 26 നു മൂന്നുപേജ് ദൈര്‍ഘ്യമുള്ള വിശദമായി ഒരു ഡിക്രിവഴി പൗരസ്ത്യ തിരുസംഘം തള്ളിക്കളഞ്ഞു.

എന്നാല്‍ ഇനിയും സിസ്റ്റര്‍ ലൂസിക്ക് കത്തോലിക്കാ സഭയുടെ പരമോന്നത കോടതിയായ വത്തിക്കാനിലെ സിഞ്ഞത്തൂര അപ്പസ്‌തോലിക്കയില്‍ ഈ തള്ളിക്കളഞ്ഞ തീരുമാനത്തിനെതിരേ അപ്പീല്‍ കൊടുക്കാന്‍ അവകാശമുണ്ടെന്നും വിധിയില്‍ പരാമര്‍ശമുണ്ടായിരിന്നു. ഈ സാധ്യത പരിഗണിച്ച ലൂസി കളപ്പുര അപ്പീല്‍ നല്കുകയായിരിന്നു. ഇതാണ് വിശദമായ പഠനങ്ങള്‍ക്ക് ഒടുവില്‍ വത്തിക്കാന്റെ പരമോന്നത കോടതി കഴിഞ്ഞ ദിവസം തള്ളിക്കളഞ്ഞിരിക്കുന്നത്. എഫ്‌സിസി സന്യാസിനി സമൂഹത്തിലെ അംഗത്വം നഷ്ടപ്പെട്ടുകഴിഞ്ഞാലും മറ്റേതൊരു കത്തോലിക്കാ സഭാംഗത്തെപ്പോലെ സിസ്റ്റര്‍ ലൂസിക്കു തിരുസഭയില്‍ തുടരാമെന്ന് എഫ്‌സി‌സി നേരത്തെ വ്യക്തമാക്കിയിരിന്നു. അതേസമയം ലൂസിയെ പുറത്താക്കിയ നടപടിയെ സ്വാഗതം ചെയ്തുക്കൊണ്ട് വിശ്വാസികള്‍ നവമാധ്യമങ്ങളില്‍ രംഗത്തുവന്നിട്ടുണ്ട്.

You might also like