മെക്സിക്കോയിൽ ക്രിമിനല്‍ മാഫിയയുടെ ആക്രമണത്തില്‍ യുവവൈദികൻ കൊല്ലപ്പെട്ടു

0

മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ സകാട്ടേക്കാസ് സംസ്ഥാനത്തില്‍ പരസ്പരം ഏറ്റുമുട്ടിയ ക്രിമിനല്‍ മാഫിയകളുടെ ആക്രമണത്തില്‍ യുവ കത്തോലിക്ക വൈദികൻ മരിച്ചു. വാലാപരായിസോ മുനിസിപ്പാലിറ്റിയിലെ സാന്താ ലൂസിയ ഡെ ലാ സിയറാ ഇടവക വികാരിയും ഫ്രാന്‍സിസ്കന്‍ വൈദികനുമായ ഫാ. ജാനിറ്റോ എന്നറിയപ്പെടുന്ന ജൂവാന്‍ ഒറോസ്കോ അല്‍വരാഡോയ്ക്കാണ് കൊല്ലപ്പെട്ടത്. ജൂണ്‍ 12ന് പജാരിറ്റോസ്, മെസ്ക്വിറ്റല്‍, ഡുരാങ്ങോ എന്നിവിടങ്ങളിലെ ടെപ്പെഹുവാന സമൂഹത്തിനായി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാന്‍ പോകുന്ന വഴിയ്ക്കു അദ്ദേഹം കൊല്ലപ്പെടുകയായിരിന്നു.

വിശ്വാസികളില്‍ ചിലരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നുവെന്നാണ് മെക്സിക്കോയിലെ ‘സെന്‍ട്രോ കാതോലിക്കോ മള്‍ട്ടിമീഡിയ’ (സി.സി.എം) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഫാ. ജാനിറ്റോയുടെ ഒപ്പം എത്രപേര്‍ ഉണ്ടായിരുന്നുവെന്നും, അവരില്‍ ആരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടോ എന്നും അറിവായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സെന്റ് ഫ്രാന്‍സിസ്കോ ആന്‍ഡ്‌ സാന്റിയാഗോ പ്രോവിന്‍സിന്റെ പ്രോവിന്‍ഷ്യല്‍ സുപ്പീരിയറായ ഫാ. ഏഞ്ചല്‍ ഗാബിനോ ഗുട്ടിയറസ് മാര്‍ട്ടിനെസ് ഫാ. ജാനിറ്റോ കൊല്ലപ്പെട്ട വിവരം സ്ഥിരീകരിച്ചു. ‘സമാധാനത്തിന്റെ രാജാവായ ക്രിസ്തു’ നമ്മുടെ സഹോദരന്റെ മേല്‍ കരുണ കാണിയ്ക്കുകയും, അദ്ദേഹത്തെ വിശുദ്ധര്‍ക്കും തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുമൊപ്പം തന്റെ രാജധാനിയിലേക്ക് സ്വീകരിക്കട്ടെ’ എന്നും അദ്ദേഹം പറഞ്ഞു.

മോണ്‍ക്ലോവയില്‍ ജനിച്ചുവളര്‍ന്ന ഫാ. ജാനിറ്റോക്ക് ചെറുപ്പം മുതല്‍ക്കേ തന്നെ എല്‍ പുയെബ്ലോയിലെ സാന്‍ ഫ്രാന്‍സിസ്കോ ഡെ അസിസ് ദേവാലയവുമായി അടുപ്പമുണ്ടായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു. ഹെര്‍മനാസ് കോവാഹുലിയ എജിഡോയിലെ ഒന്നരവര്‍ഷക്കാലത്തെ സേവനത്തിനു ശേഷം 6 മാസങ്ങള്‍ക്ക് മുന്‍പാണ് ഫാ. ജാനിറ്റോ സംഭവം നടന്ന സിയറാ ഡെ സാന്റാ ഇടവകയില്‍ എത്തിയത്. ഫാ. ജാനിറ്റോയുടെ മരണത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട വൈദികന്റെ ഭൗതീകശരീരം കൈമാറ്റം ചെയ്യപ്പെടുന്ന മുറക്ക് അന്ത്യകര്‍മ്മങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടുമെന്നാണ് ഫ്രാന്‍സിസ്കന്‍ സഭ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.

You might also like