‘മൂന്നു ദിവസം കൂടി ശക്തമായ മഴ’; മിന്നല്‍ പ്രളയങ്ങള്‍ സൃഷ്ടിച്ചേക്കാമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കേരളത്തില്‍ കാലവര്‍ഷം സജീവമായിരിക്കുകയാണെന്ന് മുഖ്യമന്ത്രി. അടുത്ത മൂന്നു ദിവസം കൂടി സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ശക്തമായതോ അതിശക്തമായതോ ആയ മഴക്ക് സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ ജൂണ്‍ 16 വരെ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതിശക്തമായ മഴ തുടര്‍ച്ചയായി പെയ്യുന്നത് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുകളും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. മലയോര മേഖലയില്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും കാരണമാവുകയും ചെയ്‌തേക്കാം. അപകട സാധ്യത പ്രദേശങ്ങളില്‍ താമസിക്കുന്ന പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. അധികൃതരുടെ നിര്‍ദേശം ലഭിച്ചാല്‍ വീട്ടില്‍ നിന്ന് സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറാന്‍ ജനങ്ങള്‍ തയ്യാറാകണം. ജൂണ്‍ 17 വരെയുള്ള ദിവസങ്ങളില്‍ അറബിക്കടല്‍ പ്രക്ഷുബ്ധമാവാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ല. ഈ ദിവസങ്ങളില്‍ ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശമുള്ളതിനാല്‍ തീരദേശവാസികളും ജാഗ്രത പാലിക്കണം.- മുഖ്യമന്ത്രി പറഞ്ഞു.