ശാരീരിക വെല്ലുവിളികളെ തോല്‍പ്പിച്ച ലത്തീഷ അന്‍സാരി അന്തരിച്ചു
കോട്ടയം: ശാരീരിക വെല്ലുവിളികളെയും പ്രതിസന്ധികളെയും പുഞ്ചിരിയോടെ നേരിട്ട് ജീവിതത്തില്‍ വിജയങ്ങള്‍ കൈവരിച്ച കോട്ടയം എരുമേലി സ്വദേശി ലത്തീഷ അന്‍സാരി ഒടുവില്‍ മരണത്തിന് കീഴടങ്ങി. എരുമേരി പുത്തന്‍പീടികയില്‍ അന്‍സാരി- ജമീല ദമ്ബതികളുടെ രണ്ടാമത്തെ മകളാണ്. കഷ്ടിച്ച് രണ്ടടി മാത്രം ഉയരമുള്ള ലത്തീഷയ്ക്ക് ബ്രിട്ടില്‍ ബോണ്‍ ഡിസീസ് (എല്ലുകള്‍ പൊടിയുന്ന) എന്ന അപൂര്‍വജനിതകരോഗമാണ്. കഴുത്തിന് കീഴ്‌പോട്ടുള്ള എല്ലാ എല്ലുകളും ഒന്ന് മുറുകെ പിടിച്ചാല്‍തന്നെ പൊടിഞ്ഞുപോവും. ഈ അവസ്ഥയില്‍പോലും തീവ്രപരിശീലനം നടത്തി മലയാളം ഓപ്ഷനെടുത്ത് സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷയെഴുതി ലത്തീഷ ചരിത്രം സൃഷ്ടിച്ചിരുന്നു.
എരുമേലി വാവര്‍ മെമ്മോറിയല്‍ സ്‌കൂള്‍, സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. സ്‌കൂള്‍, കോളജ് പഠനകാലത്ത് പിതാവാണ് ലത്തീഷയെ ഒക്കത്തിരുത്തി ക്ലാസ് മുറികളില്‍ കൊണ്ടിരുത്തുക. 80 ശതമാനത്തിലേറെ മാര്‍ക്കോടെയാണ് എരുമേലി എംഇഎസ് കോളജില്‍നിന്ന് ബികോം, എംകോം പാസായത്. പഠനം പൂര്‍ത്തിയാക്കിയതോടെ എരുമേലിയിലെ സഹകരണ ബാങ്കില്‍ ട്രെയിനിയായി കുറച്ചുനാള്‍ ജോലിചെയ്തിരുന്നു. എന്നാല്‍, പൊടിയുടെ അലര്‍ജി വിലങ്ങുതടിയായതോടെ ഇത് വേണ്ടെന്നുവച്ചു. രണ്ടുവര്‍ഷം മുമ്ബ് പാലാ സെന്റ് തോമസ് കോളജിലായിരുന്നു സിവില്‍ സര്‍വീസിന് കോച്ചിങ്ങിന് പോയിരുന്നത്.
എന്നാല്‍, ആദ്യത്തെ തവണ പരീക്ഷ സമയത്ത് ഒരു ശസ്ത്രക്രിയയ്ക്ക് വിധേയമാകേണ്ടിവന്നു. അടുത്ത തവണയാവട്ടെ കടുത്ത ശ്വാസതടസ്സം മൂലം എഴുതാന്‍ സാധിച്ചില്ല. ഇത്തരം വെല്ലുവിളികളുണ്ടായിട്ടും പരീക്ഷയെഴുതിയേ തീരൂ എന്ന ദൃഢനിശ്ചയത്തോടെ ആയിരുന്നു മൂന്നാം തവണ ലത്തീഷ തിരുവനന്തപുരം എല്‍ബിഎസ് എന്‍ജിനീയറിങ് കോളജില്‍ പരീക്ഷയെഴുതാനെത്തിയത്. ഓക്‌സിജന്‍ സിലിണ്ടറുകളുടെ സഹായത്തോടെ മാതാപിതാക്കള്‍ പ്രത്യേക വാഹനത്തിലാണ് തിരുവനന്തപുരത്തെത്തിച്ചത്. പഠനരംഗത്തെ മികവിനോടൊപ്പംതന്നെ സംഗീതരംഗത്തും ചിത്രരചനാരംഗത്തും ലത്തീഷ മികവ് തെളിയിച്ചിട്ടുണ്ട്. വളരെ മനോഹരമായി കീബോര്‍ഡ് വായിക്കുന്ന ലത്തീഷ, വിവിധ ചാനലുകളിലെ ഉള്‍പ്പെടെ ധാരാളം വേദികളില്‍ തന്റെ മികവ് കാഴ്ചവച്ചിട്ടുണ്ട്.
ലത്തീഷയുടെ വീട്ടിലേക്ക് കയറിച്ചെല്ലുന്ന ആരെയും ആകര്‍ഷിക്കുന്നത് വിരല്‍ത്തുമ്ബില്‍ തീര്‍ത്ത മനോഹരമായ ഗ്ലാസ് പെയിന്റിങ്ങുകളാണ്. തന്റെ മനസ്സിലെ വര്‍ണക്കൂട്ടുകള്‍ അവള്‍ മിഴിവോടെ ചിത്രങ്ങളില്‍ അവതരിപ്പിച്ചിരിക്കുന്നു. ശാരീരികവൈകല്യങ്ങളെ പഴിച്ച് തളര്‍ന്ന മനസ്സുമായി ഒളിച്ചുകഴിയുന്നവരിലേക്ക് തന്റെ വിജയത്തിന്റെ രഹസ്യമെത്തിക്കാന്‍ ശ്രമിച്ചു. ഓണ്‍ലൈനിലൂടെ ഇത്തരക്കാരെ സമൂഹത്തിലേക്ക് ഇറങ്ങാനുള്ള ധൈര്യം പകര്‍ന്നുനല്‍കിക്കൊണ്ടേയിരുന്നു. സ്‌കൂളുകളിലും കോളജുകളിലും മോട്ടിവേഷണല്‍ ടോക്ക് നടത്താനായി ലത്തീഷ പോവാറുണ്ട്.
ആദ്യമായി കുട്ടികളോട് സംസാരിക്കാന്‍ ക്ഷണിക്കപ്പെട്ടത് നെടുങ്കണ്ടം എംഇഎസ് കോളജിലേക്കായിരുന്നു. ആ അനുഭവം ലത്തീഷ ഓര്‍ക്കുന്നത് ഇങ്ങനെ- ‘കുട്ടികളോട് ആശയവിനിമയം നടത്താന്‍ കഴിഞ്ഞത് വലിയ ഒരു അനുഭവമായിരുന്നു. അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞു മണിക്കൂറുകള്‍ കടന്നു പോയത് അറിഞ്ഞതേയില്ല. അവര്‍ക്ക് ഞാനൊരു പ്രചോദനമായിരുന്നു എന്നു പറയുമ്ബോഴും എനിക്ക് അവരും വലിയ പ്രചോദനമാണ് നല്‍കിയത് എന്നതാണ് സത്യം. തുടര്‍ന്ന് മറ്റു സ്ഥലങ്ങളിലേക്ക് പോവാന്‍ എനിക്ക് ആത്മവിശ്വാസം നല്‍കിയത് അവിടുത്തെ അനുഭവമായിരുന്നു.