TOP NEWS| കൊവിഡിൽ അനാഥരായ കുട്ടികൾക്ക് ധനസഹായം പ്രഖ്യാപിച്ച് രാജസ്ഥാൻ; 18 വയസ്സ് പൂർത്തിയാകുന്നതുവരെ 2500 രൂപ വീതം എല്ലാ മാസവും നൽകും
പഞ്ചാബ്: കൊവിഡ് ബാധിച്ച് മാതാപിതാക്കൾ മരണപ്പെട്ട കുട്ടികൾക്ക് ധനസഹായം പ്രഖ്യാപിച്ച് രാജസ്ഥാൻ. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ആണ് ധനസഹായം പ്രഖ്യാപിച്ചത്. അമ്മയും അച്ഛനും നഷ്ടപ്പെട്ട കുട്ടികൾക്ക് ഉടൻ തന്നെ ഒരു ലക്ഷം രൂപ അടിയന്തിര സഹായം നൽകും. ഇതോടൊപ്പം ഈ കുട്ടികൾക്ക് 18 വയസ്സ് പൂർത്തിയാകുന്നതുവരെ 2500 രൂപ വീതം എല്ലാ മാസവും നൽകും. 18 വയസ്സ് പൂർത്തിയാകുമ്പോൾ ഇവർക്ക് 5 ലക്ഷം രൂപ നൽകും. മുഖ്യമന്ത്രി കൊറോണ ബാൽ കല്യാൺ യോജന എന്ന പദ്ധതിയുടെ മറ്റ് ആനുകൂല്യങ്ങളും ഈ കുട്ടികൾക്ക് ലഭിക്കും.
പിതാവ് നഷ്ടപ്പെട്ട കുട്ടികൾക്ക് മാസമാസമുള്ള ചെലവിന് 1000 രൂപ വീതവും പുസ്തകങ്ങൾക്കും വസ്ത്രങ്ങൾക്കുമായി 2500 രൂപ വീതവും നൽകും. ഭർത്താവ് നഷ്ടപ്പെട്ട വിധവകൾക്ക് ഒരു ലക്ഷം രൂപ അടിയന്തിര സഹായവും 1500 രൂപ വീതം എല്ലാ മാസവും നൽകും.